അനുഭവകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

02 ജൂലൈ 2011

കണ്ണ് തുറപ്പിച്ച നാലാം ക്ലാസുകാരന്‍

എന്റെ  സംഭവബഹുലമായ  ജീവിത  വീഥികളില്‍  ഏറ്റവും  പ്രധാനപ്പെട്ട  ഒരു  എടാണിത്  . കോയമ്പത്തുര്‍  ഹോസ്റല്‍ ജീവിതം അധികം നാളുണ്ടായിരുന്നില്ല ചില്ലറ പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ വെളിയില്‍ ഒരു വീടെടുത്ത് താമസം തുടങ്ങി . കുത്തഴിഞ്ഞ ജീവിതത്തിന്റെ തുടക്കം ഇവിടുന്നങ്ങോട്ട്‌ ശക്തി പ്രാപിക്കുകയായിരുന്നു .ഞങ്ങള്‍ ബുദ്ധിജീവികള്‍ ആണോ എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നിയ നാളുകള്‍ . കാരണം ഉയര്‍ന്ന ചിന്താഗതികള്‍ ഒഴികെ ഒരു ബുദ്ധിജീവിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്കുണ്ടായിരുന്നു ..... കുളിക്കില്ല , തുണി നനയ്ക്കില്ല  , ചീര്‍പ്പ് കാണാത്ത മുടി , അലങ്കോലമായി കിടക്കുന്ന മുറി .... മിക്കവാറും ദിവസങ്ങള്‍ പട്ടിണിയായിരുന്നു ... കാശോന്നുമില്ലാഞ്ഞിട്ടല്ല , കട വര പോകാനുള്ള മടി .... പിള്ളാരുടെ ഓരോ തമാശ എന്നും പറഞ്ഞു നാലായി ഒടിഞ്ഞു മടങ്ങി കിടന്ന വയറും കണ്ണടച്ച് ...കോളേജു ഗെയ്ട് പോലും കണ്ടിട്ട് രണ്ടു മൂന്നു ആഴ്ചയായി .... അവിടെ ആ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിലവായിരുന്നത് പെര്‍ഫ്യും ആയിരുന്നു . ഒരു മടുപ്പുമില്ലാതെ ആ ചുവരുകള്‍ക്കുള്ളില്‍ ഞങ്ങള്‍ കഴിഞ്ഞു കൂടി .


 അങ്ങനെ ഒരു ദിവസം ഞാനും എന്റെ കൂട്ടുകാരന്‍ സഹിലും മാത്രം വീട്ടില്‍ , ബാക്കിയുള്ളവരെല്ലാം കോളേജില്‍ ആണെന്ന് തെറ്റുധരിക്കേണ്ട കറങ്ങാന്‍ എങ്ങോ പോയി എന്ന് തോന്നുന്നു . ഞാന്‍ ടി.വിയുടെ മുന്‍പിലും സാഹില്‍ മൊബൈലില്‍ ഫെയ്സ്ബുക്കിലുമായി സമയം തെള്ളിനീക്കികൊണ്ടിരിക്കുന്ന വേളയില്‍ . കോളിംഗ് ബെല്‍ ശബ്ദിച്ചു " റിംഗ് ടോംഗ് " ഞാന്‍ എഴുന്നേറ്റു ചെല്ലും മുമ്പേ ഒരു ചെറിയ പയ്യന്‍ വാതിലിനടുത്തെത്തി . ഞാന്‍ അവനെ അടിമുടി ഒന്ന് നോക്കി , സ്കൂള്‍ യുണിഫോം ആണെന്ന് തോന്നുന്നു വെള്ള ഉടുപ്പും നീല പാന്റും തോളത്തു അവനെക്കാള്‍  വലിയ ബാഗും .


           " അണ്ണാ വേല യേതാവത് ഇരുക്കിങ്ങള ? " 
" അതൊന്നും ഇവിടില്ല അപ്പുറത്തെങ്ങാനും  പോയി ചോദിക്ക്  "


" എന്ന വേലയാനാലും പണ്ണലാം , വീട് ക്ലീന്‍ പണ്ണലാം "
" ഊ വീടെങ്കെ ? "


"പക്കത്ത് താന്‍ '
" ഇന്ന് സ്കൂള്‍ ഇല്ലെയാ ?


" എക്സാം മുടിഞ്ഞത്  , അണ്ണാ വേലയെതാവത് ഇരുക്കിങ്ങള ? "
'ഇല്ല  വേലയെധുവും ഇല്ല "


" കൊഞ്ച നേരം ടിവി പാക്കലാമ ? '
" ഓക്കേ പാര്‍ "


അവന്‍ ടിവിയുടെ മുന്നിലിരുന്നു , ഞാന്‍ ഒരു തൈഴ്ഹ ചാനെലിട്ടു കൊടുത്തിട്ടു സഹിലിനെ നോക്കി 
സഹില്‍ " പുള്ളാരെ പിടിച്ചോണ്ട് പോയി എന്ന് പറഞ്ഞു പോലീസ് വരുമോടെ ? "

ആ പയ്യന്‍ ടിവിയില്‍ ശ്രദ്ധിക്കാതെ ആ മുറി മുഴുവനും കണ്ണോടിച്ചു , വാരിവലിച്ചിട്ടിരിക്കുന്ന തുണിമണികള്‍  , ആകെ അലങ്കോലം . അവന്‍ പതുക്കെ എഴുന്നേറ്റു ഓരോന്നായി അടുക്കിപെരുക്കാന്‍ തുടങ്ങി . വേണ്ട വേണ്ട എന്ന് ഞങ്ങള്‍ ആവുന്ന പറഞ്ഞു നോക്കി  . ചൂലെടുത്ത് തൂത്തു വാരി . ഞങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം നോക്കി .


" ബാലവേല ക്രിമിനല്‍ കേസാടാ , തമിഴന്മാരുടെ ഇടിക്കു ഒരു മയവും കാണില്ല " സഹില്‍ ഓര്‍മ്മപ്പെടുത്തി . ഞാന്‍ അവനെ തടഞ്ഞു കൊണ്ട് paranju


" പോതും തമ്പി , ഇങ്കെ വേലക്കാരന്‍ ഇരുക്ക്‌ , നാളേക്ക് അവങ്കെ വന്നു എല്ലാമേ ക്ലീന്‍ പന്നുവാങ്കെ
"ഇതെല്ലം ഇപ്പുടി കൂടിയിടാമ , ഞാന്‍ ക്ലീന്‍ പണ്ണി കൊടുക്കേറെ അണ്ണാ " അവന്‍ ഞാന്‍ പറഞ്ഞത് ശ്രദ്ധിക്കാതെ  ഓരോന്ന് വൃത്തിയാക്കികൊണ്ടിരുന്നു  . ഒടുവില്‍ പോവാന്‍ ഇറങ്ങുമ്പോള്‍ അവന്റെ കൈയില്‍ ഇരുപതു രൂപ വച്ച് കൊടുത്തു . 


അവനു സന്തോഷം , കാശ് കിട്ടിയിട്ടും  പുറത്തിറങ്ങിയപ്പോള്‍ ചെരുപ്പുകള്‍ നന്നായി ഒതുക്കി വച്ചിട്ടാണ് അവന്‍ പോയത്  . അവന്‍ പോയി കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകളിലേക്കു ഒരു പ്രകാശം പരന്നു . പണ്ടേ മേലനങ്ങി പണിയെടുക്കാത്ത  ഞാന്‍ ആ ചെറിയ പയ്യന്റെ മുന്‍പില്‍ ചെറുതായി പോകുന്നതായി തോന്നി . സ്വന്തം വീട് വൃത്തിയാക്കാന്‍ പോലും നമ്മുക്ക് അയല്‍സംസ്ഥാനക്കാര്‍ വേണമെല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി പുച്ചിച്ചു . 


എന്നും വിചാരിച്ചു ഈ സംഭവത്തോടെ ഞാന്‍ കഠിനധ്വാനി  ആയെന്നു വിചാരിക്കേണ്ട ... പണ്ടുള്ളവര്‍ പറയും പോലെ " സിംഹത്തിന്റെ വാല് പന്തിരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല "



29 ഏപ്രിൽ 2011

അമ്മ പറഞ്ഞു തന്ന ആനക്കഥ




ഒരു  ബ്ലോഗ്‌  പോസ്റ്റിനു  വിഷയം   ചികഞ്ഞു ബാല്യകാല ഓര്‍മ്മകള്‍ വാരിവലിചിട്ടപ്പോഴാണ് ചില നനുത്ത ഓര്‍മ്മകളും ആ കഥയും അവിടെ  പൊടീ പിടിച്ചു കിടക്കുന്നത് കണ്ടത് .
                   എന്റെ അമ്മ വീട് പത്തനംതിട്ടയിലെ കോന്നിയിലാണ് . അച്ഛന്‍കോവിലാറിന്റെ  തീരത്താണ് എന്ന് വേണമെങ്കില്‍ പറയാം . വീട്ടില്‍ നിന്നും പത്തടി നടന്നാല്‍ മതി , ആറ്റിലെത്താന്‍  . ആറിനക്കാരെ പുതിയകാവ് ദേവിക്ഷേത്രം . കുളിക്കാനും നനയ്ക്കാനും അമ്പലത്തില്‍ പോകാനുമായി ഒരുപാട് പേര്‍ വീടിനു മുമ്പിലുടെ  പോകാറുണ്ട്  . കോന്നി ആനക്കൂട്ടില്‍ നിന്നും പണ്ട്  സ്ഥിരമായി ആനകളെ കുളിപ്പിക്കാന്‍ ആ കടവിലാണ്  കൊണ്ട് വരുന്നത്  .
               അവിടുത്തെ  വീടിന്റെ മുമ്പില്‍  ഒരു സര്‍വ്വേ  കല്ലും  പഞ്ചായത്ത് വക പൈപ്പും ഉണ്ട് . ആ സര്‍വ്വേക്കലും ഞാനുമായി എന്തോ ആത്മബന്ധമുണ്ട് , കാരണം ( ചേച്ചിമാര് പറഞ്ഞു കേട്ട അറിവാണെ  )  അന്നെനിക്ക്  വയസു ഒന്ന് . അമ്മ കോന്നി പി .എസ .വി .പി .എം  സ്കൂളിലെ  മലയാള  അധ്യാപിക  . രാവിലെ  അമ്മ സ്കൂളില്‍  പോകുന്നിടം  വരെ  എന്നെ പോലെ ഒരു മര്യാദക്കാരന്‍  ആ പ്രദേശത്ത് വേറെ ആരും കാണില്ല   . അമ്മ സ്കൂളിലേക്ക്  ഇറങ്ങുന്നതോടെ  എന്റെ  നിലവിളി  അതിരുകള്‍  ലങ്ഘിച്ചു  പൊന്തുകയാണ്  . അമ്മുമ്മ  , വല്യമ്മ (അമ്മയുടെ  ചേച്ചി  ), വല്യമ്മയുടെ മക്കളായ  അജി  ചേച്ചി  ജിജി ചേച്ചി  , എന്റെ നേര്‍  പെങ്ങള്‍  വീണ  .... എന്നിങ്ങനെ  ഒരു നീണ്ട  പെണ്‍പട  തന്നെ  പഠിച്ച  പണി  പതിനെട്ടും  നോക്കും  . ഞാനുണ്ടോ  വിട്ടു  കൊടുക്കുന്നു  ഒന്നരക്കട്ട  , രണ്ടരക്കട്ട  നിലവിളിയുടെ  സംഗതി  കൂട്ടിക്കൊന്ടെയിരിക്കും  . ഒടുവില്‍  അവര്‍ പത്തൊന്പതാമെത്തെ അടവെടുക്കും , എന്നെയും എടുത്തു കൊണ്ട് ആ സര്‍വ്വേ കല്ലിനടുത്തുക്കെ ഓടും . എന്തോ ആ സര്‍വ്വേക്കല്ലില്‍ എന്നെ പ്രതിഷ്ടിച്ചു കഴിയുമ്പോള്‍ സ്വിച്ചിട്ടപോലെ ഞാന്‍ ശാന്തനാവും . വഴിപോക്കരെ കാണാം എന്നുള്ളത് കൊണ്ടോ , നല്ല കാറ്റ് എല്ലക്കുന്നത് കൊണ്ടോ മറ്റോ ആയിരിക്കണം ഞാന്‍ ശാന്തനാകുന്നത് .


                 ആ പ്രദേശവുമായി ബന്ധപ്പെട്ടു മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരോര്‍മ്മ അമ്മ പറഞ്ഞു തന്നിട്ടുള്ള ഒരു സംഭവകഥയാണ് , ഒരു ആനക്കഥ .
    എന്നും കോന്നി ആനക്കൂട്ടില്‍ നിന്നും ആനകളെ കുളിപ്പിക്കാന്‍ ആ  വഴി കൊണ്ട് പോകും .വീടിനു മുമ്പിലുള്ള പഞ്ചായത്ത് പൈപ്പില്‍ നിന്നും വരിവരിയായി വെള്ളം കുടിച്ചിട്ട് ആറ്റിലേക്ക് നടക്കും. അക്കാലത്ത് പ്രശസ്തരായ രണ്ടു ആനകളുണ്ട് അവിടെ അയ്യപ്പനും മേനകയും .സ്ഥിരമായി അയ്യപ്പനാണ് ആദ്യം വെള്ളം  കുടിക്കാറ   . 
                                         ഒരു ദിവസം അമ്മ വീടിന്റെ ഉമ്മറപ്പടിയിലിരുന്നു വല്യമ്മയുടെ മോളെ കളിപ്പിച്ച്ചുകൊണ്ടിരിക്കുന്നു .എന്നത്തെയും പോലെ അന്നും ആനകള്‍ കുളിക്കാന്‍ വന്നു പക്ഷെ അയ്യപ്പന് മുമ്പേ മേനക വള്ളം കുടിച്ചു . അയ്യപ്പന് അത് അത്ര പിടിച്ചില്ലാ . അയ്യപ്പന്‍ കൊമ്പു കൊണ്ട് മേനകയെ തള്ളി മാറ്റി . കൊമ്പു വയറു തുളച്ചു കയറി , ലോകം നടുങ്ങുമാര് ചിന്നം വിളിച്ചു കൊണ്ട് അത് ആറ്റിലെക്കോടി  . ഓടുമ്പോള്‍ വയറ്റില്‍ നിന്നും കൊടലും പണ്ടവും വഴിയിലേക്ക് തെറിച്ചു വീണുകൊണ്ടിരുന്നു . ഒരു നിമിഷത്തെ അങ്കലാപ്പിനു ശേഷം അമ്മ കുഞ്ഞിനെയുമെടുത്ത് അകത്തു കയറി കതകടച്ചു , ജനാലയിലുടെ പുറത്തേക്ക് നോക്കി . മേനകയുടെ ചിന്നംവിളി അപ്പോഴും ഉയര്‍ന്നു കേട്ട് കൊണ്ടിരുന്നു .
" അവന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല , തല കൊണ്ട് ഒന്ന് തെള്ളി മാറ്റണം എന്നെ ഉദെശിച്ചോള്ളൂ" അമ്മ എടുത്തെടുത്ത് പറയും .
പാപ്പാന്മാര്‍ കുത്ത് കൊണ്ടോടിയ മേനകയുടെ പിറകെ ഓടിയിട്ടും , അറിയാതെ ചെയ്തോരപരധത്ത്തിന്റെ കുറ്റബോധം കൊണ്ടോ എന്തോ അയ്യപ്പന്‍ ആ പൈപ്പിനടുത്ത് തന്നെ നിന്നു  , പാപ്പാന്മാര്‍ തിരിച്ചു കൊണ്ട് പോകുന്നിടം വരെ . കൊടലും പണ്ടവും വാരിക്കൂട്ടി തയിച്ച്ചു ഒരുപാട് ശ്രിശ്രുഷകള്‍ നടത്ത്തിയന്കിലും ഫലം കണ്ടില്ല , മേനക മരിച്ചു . അറിയാതെ പറ്റിയ അപരാധത്തിന്  കുറ്റബോധം കൊണ്ട് ആ പൈപ്പിന്‍ ചുവട്ടില്‍ നില്‍ക്കുന്ന അയ്യപ്പനും ചിന്നം വിളിച്ചു കൊണ്ട് മരണവേദനയോടെ ഓടിയ മേനകയും മനസ്സില്‍ മായാതെ നില്‍ക്കുന്നു .
അടുത്തിടയ്ക്ക് ആ കഥ ഒന്നുടെ പറഞ്ഞു തരാന്‍ അമ്മയോട് പറഞ്ഞു . ആനയുടെ ഓരോ ചലനവും അതുപോലെ അഭിനയിച്ചു അമ്മ പറഞ്ഞു തന്നു . ആദ്യമായി കേട്ടപ്പോഴുണ്ടായ അതെ  കൌതുകം എനിക്കും . എന്നത്തയും പോലെ അന്നും ആ കഥ കേട്ട് എന്റെ കണ്ണ് നിറഞ്ഞു . അമ്മ കഥ പറയുന്ന രീതിയോ അതോ അയ്യപ്പന്‍ എന്നാ ആനയുടെ നിഷ്കളങ്കതയോ അതിനു കാരണം ഇന്നും എനിക്കറിയില്ല .

25 ഏപ്രിൽ 2011

ബാഗ് പിടിച്ചുപറിക്കാരന്‍




കൊല്ലത്ത് ട്രെയിന്‍ പന്ത്രണ്ടരക്ക് എത്തും , പിന്നെ അതില്‍ ഇരുന്നു ചോറ് കഴിച്ചു ഒരു മണിക്കുള്ള ക്ലാസ്സിനു പോകും കുറെ നാളായുള്ള എന്റെ ദിനചര്യ ആണത് . മിക്കവാറും കൂട്ടുകാര് കാണും , ചോറ് കഴിച്ചു കഴിഞ്ഞു പൊതി റെയില്‍വേ പാളത്തില്‍ ഇടരുത് എന്ന് പണിക്കാരും പോലീസുകാരും പലപ്പോഴും ഞങ്ങള്‍ക്ക് വാണിംഗ് തരാറുണ്ട് . നല്ല സത്സോഭാവികളായ കൂട്ടുകാര്‍ കാരണം എനിക്ക് പല തവണ പണിക്കാരുടെ കൈയില്‍ നിന്നും ലാസ്റ്റ് വാണിംഗ് കിട്ടാറുണ്ട് .

ഇനി ആ സംഭവ ദിവസത്തിലേക്ക് കടക്കാം , അന്ന് ഞാന്‍ മാത്രമേ ഉള്ളു ..... ഏകാന്തതയില്‍ പുതിയ മാനങ്ങള്‍ തേടി സാഹിത്യ ലോകത്ത് ഇങ്ങനെ വിരാജിച്ചു   നടക്കുകയായിരുന്നു . ( എന്റെ ഒരു വിശ്വാസം കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ - ഒറ്റയാവുമ്പോള്‍ എനിക്കെന്തോ ഭയങ്കര ആത്മവിശ്വാസമാണ് , ആ സമയത്ത് എന്നെ ആരാലും തോല്‍പ്പിക്കാന്‍ പറ്റില്ല എന്നൊരു വിശ്വാസം .... ഒരു കിറുക്കന്റെ കിറുക്ക് എന്ന് കരുതി ക്ഷമിക്കുക )

അന്നും പതിവ് പോലെ പന്ത്രണ്ടരക്ക് കൊല്ലത്ത് ട്രെയിന്‍ എത്തി , ട്രെയിനില്‍ ഇരുന്നു ഞാന്‍ ചോറ് കഴിച്ചു . പൊതി കളയാന്‍ വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഒരു തല തെറിച്ച ആലോചന " ഇന്ന് റെയില്‍വേ പാളത്തില്‍ ഇട്ടാലോ " . ഒരു തല തെറിച്ച ആലോചന വന്നാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടില്ല . ഞാന്‍ അലക്ഷ്യമായി റെയില്‍വേ പാളത്തിലേക്ക് വലിച്ചെറിഞ്ഞു . ആഹാ ! എന്തൊരു ഉന്മേഷം  , നിയമം ലംഘിച്ചപ്പോള്‍ എന്തൊരു മനസുഖം , വല്ലാത്തൊരു നിര്‍വൃതി . കൈ കഴുകി ട്രെയിനിനു വെളിയിലേക്കിറങ്ങി ...  .
രണ്ടു ചുവടു വച്ചില്ല ദെ നിക്കുന്നു ഒരു പോലീസുകാരനും ഒരു ചേട്ടനും കുറച്ചപ്പുറത്ത് .


പോലീസുകാരന്‍ : " ഇവനാന്നോ ? ഇവനാന്നോ ?"
ചേട്ടന്‍ : " ഇവനാന്നോ എന്നൊരു സംശയം ."

ഇശ്വര ഞാന്‍ പൊതി റെയില്‍വേ പാളത്തില്‍ കളഞ്ഞത് കണ്ടുന്ന തോന്നുന്നേ . തീര്‍ന്നു , പെറ്റിയടിക്കുമോ അതോ തെറി വിളിക്കുമോ ? രണ്ടു തല്ലോ തെറിയോ വല്ലതും ആയിരുന്നെങ്കില്‍ പിന്നെയും സഹിക്കാം പെറ്റിയടിച്ചാല്‍ എവിടെന്നെടുത്ത് കൊടുക്കും .

"ഇങ്ങോട്ട് മാറി നിക്കട " അയാള്‍ ആക്രോശിച്ചു . ഞാന്‍ അടുത്തോട്ടു അല്പം വിറയലോടെ മാറി നിന്ന് .
"നീ എവിടുന്നു വരുന്നെട ? "
"ഞാന്‍ അപ്പുറത്തെ ബോഗി ......."
"എന്ത് ? "
"അല്ല പത്തനാപുരം ...ആവണിശരം അപ്പുറത്തെ ബോഗിയില്‍ കഴിക്കുകയായിരുന്നു "

" സത്യം പറയെടാ ഈ ബാഗ് നിന്റെ അല്ലെ " ഒരു സ്കൂബി ടെ ബാഗ് ചൂണ്ടി കാണിച്ചു അയാള്‍ കോപം കൊണ്ട് വിറച്ചു .

ങേ ബാഗോ , ഓ അപ്പൊ പൊതി കേസല്ല ബാഗാ . അപ്പൊ പിന്നെ പേടിക്കാനൊന്നുമില്ല .
" എനിക്കറിയാംപാടില്ല..." എന്റെ സ്വരത്തില്‍ അല്പം ധൈര്യിം ഉണ്ടായി എന്ന് തോന്നുന്നു .
" നിന്റെ കൂടെ വേറെ ആരേലും ഉണ്ടോ "
" ഇല്ല ഞങ്ങള്‍ ... ഞാന്‍ ഒറ്റക്ക "

"ആ ബോഗിയില്‍ വേറെ ആരേലും ?"
"ഇല്ല "

അപ്പൊ മറ്റേ ചേട്ടന്‍ ഇടയില്‍ കയറി പറഞ്ഞു " ദാണ്ടേ സാറേ ലോ ലവനാ " ഞാനും പോലീസുകാരനും അയാള്‍ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കി ലുസായ പാന്റും വലിച്ചു കയറ്റി ഒരു പൊടിപ്പയ്യന്‍ വരുന്നു .

എന്നോട് കയര്‍ത്തു പോലെ തന്നെ ആ പയ്യന്റെ മേലെയും ഈ വിദ്വാന്‍ കുതിര കയറി .
അവന്‍ കരയാറായി " സാറേ അപ്പുറത്ത് മുള്ളാന്‍ പോയതാ " .
"ഈ ട്രെയിനില്‍ ഉള്ളതൊന്നും മൂത്രപുര അല്ലേട നിനക്കാ കാട്ടില്‍  തന്നെ പോണോ ? " പോലീസുകാരന്റെ തുള്ളല് കണ്ടപ്പോ കരുതി ആ കപ്പട മീശ ഇളകി വീഴുമെന്നു .
"അത്   സ്റെഷനില്‍ നിര്‍ത്തിയിടുമ്പോള്‍ മുള്ളരുത്  എന്നല്ലേ പറഞ്ഞെക്കുന്നു " അവന്‍ വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു .
"ഇതിനകത്ത് പുസ്ടകം ഇല്ലേ ? "
അവന്‍ തലയാട്ടി .
"ദെ ഇവന്‍ എടുത്തോണ്ട് പോവാന്‍ തുടങ്ങുകയായിരുന്നു ( അയാള്‍ എന്നെ ചൂണ്ടി പറഞ്ഞു ) ഞാന്‍ പിടിച്ചു നിര്‍ത്തിയേക്കുവാ ".

( ദെ മനുഷ്യ അനാവശ്യം പറയരുത് അപ്പി പാപം കിട്ടും ) ഞാന്‍ അയാളെ നോക്കി . അയാള്‍ ഒന്ന് കണ്ണിറുക്കി .
ഞാന്‍ അതെ എന്ന മട്ടില്‍ നെഞ്ച് വിരിച്ചു നിന്ന് ..

അയാള്‍ അവനോടു തുടര്‍ന്ന് " ഇവന്‍ ഇതൊക്കെ എടുത്ത്തിരുന്നെകിലോ , പ്രായം ഇത്രേ ഒള്ളല്ലോ  നിനക്ക് അല്പം വീണ്ടുവിചാരം വേണ്ടട ? " ആ ചോദ്യം റെയില്‍വേ സ്റേഷന്‍ ഒന്ന് നടുക്കി .
ഒരു നിമിഷത്തെ കനത്ത നിശബ്ദതക്ക് ശേഷം  ,ആ പിഞ്ചു ഹൃദയം  പൊട്ടിക്കരഞ്ഞു .....എങ്ങി എങ്ങി അവന്‍ നിലവിളിച്ചു . പോലീസുകാരന്റെ കരണത്ത് ഒന്ന് പൊട്ടിച്ചാലോ എന്ന് വിചാരിച്ച നിമിഷങ്ങള്‍ , ഇതാണോ ജനകിയ  പോലിസ് ഒരു പൊടിപ്പയ്യനോട് ഇടപഴകാന്‍ അറിയാത്ത ഇവന്മാരൊക്കെ എങ്ങനെ ബാക്കിയുള്ളവരോട്‌  സ്നേഹത്തോടെ ഇടപ്ഴകാനാണ് . ഒടുവില്‍ അവനു മുട്ടായിയും വെള്ളവും മേടിച്ചു കൊടുത്തു സമധാനിപ്പിച്ചിട്ടും എന്നോട് ദേഷ്യം - അവന്റെ ബാഗ് കൊണ്ട് പോകാന്‍ വന്ന കള്ളനല്ലേ ....ഭഗവാനെ ഇതിലും നല്ലത് ചോറ് പൊതി റെയില്‍വേ പാളത്തില്‍ ഇട്ടതിനുള്ള പെറ്റിയായിരുന്നു.

02 ഏപ്രിൽ 2011

ജയ് ഹനുമാനും ശക്തിമാനും പിന്നെ സച്ചിനും

ഈ തലക്കെട്ട്‌ തന്നെ ധാരാളം നിങ്ങളെ ആ കാലത്തേക്ക് കൊണ്ട് പോകാന്‍ . എന്റെ സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുന്‍പേ , ഞങ്ങള്‍ പത്തിരുപതോളം പിള്ളാരുണ്ടായിരുന്നു . അതില്‍ ഏറ്റവും ചെറിയ കുട്ടികള്‍ ഞങ്ങള്‍ രണ്ടു പേര്‍ .
 സച്ചിന്റെ കളിയും കണ്ടു , ഓലമടല് വെട്ടിയുണ്ടാക്കിയ ബാറ്റിനു മുകളില്‍ M.R.F എന്നും എഴുതി രാവിലെയിറങ്ങും . ഉച്ചയ്ക്ക് ചോറാകുമ്പോള്‍  അമ്മ വിളി തുടങ്ങും , അത്  മിക്കവാറും എനിക്ക് ബാറ്റിങ്ങിന് അവസരമാകുമ്പോഴാകും . മിക്കപ്പോഴും രണ്ടു രണ്ടാരയാകും ചോറുണ്ണാന്‍ , ചെറിയ കുട്ടി ആയതു കൊണ്ട് ഇപ്പോഴും അവസാന ബാറ്റ്സ്മാന്‍ ഞാനാകും . ഞാന്‍ ബാറ്റു ചെയ്യുമ്പോള്‍ ചേട്ടന്മാര്‍ പതുക്കെയാണ് ബൌള്‍ ചെയ്യുന്നത് , അത് മാത്രമോ എനിക്ക് ഒരു റണ്ണറും ഉണ്ടാകും .

വമ്പനടികള്‍ പലപ്പോഴും താഴെ വീട്ടിലെ ഓടോ , അങ്ങേ വീട്ടിലെ ജനലോ പൊട്ടിച്ചിരിക്കും , പിന്നെയൊരു നെട്ടോട്ടമായിരിക്കും  . അല്പ സമയത്തേക്ക് അവിടെ ഒരാളനക്കവും കാണില്ല . വീണ്ടും ശക്തമായി തിരിച്ചു വരും . റബറിന്റെ ചില്ലുകള്‍ പലപ്പോഴും തല്ലിത്തകര്‍ക്കും , അമ്മുമ്മ പള്ള് പറഞ്ഞു കൊണ്ട് ഓടി വരും .
വൈകിട്ട് അഞ്ചു അഞ്ചരയോടെ തിരികെ വീട്ടിലെത്തുമ്പോള്‍ വിയര്‍ത്തു കുളിച്ചിരിക്കും , ദേഹത്ത് എവിടയെങ്കിലും മുറിവോ ചതവോ ഉറപ്പു . ഒരു കാലത്ത്  കൂട്ടത്തില്‍  എന്റെ കൈയില്‍ ആയിരുന്നു ഏറ്റവും നല്ല ബാറ്റുണ്ടായിരുന്നത് . ഒരു വട്ട മരം വെട്ടിയപ്പോള്‍ അച്ഛന്‍ അത് കൊണ്ട് ഉണ്ടാക്കി തന്നത് . എമണ്ടന്‍ ഒരെണ്ണം , അത് കൊണ്ട് ഒന്ന് തൊട്ടാല്‍ മതി ബോള്‍ ബൌണ്ടറി കടക്കും .
കൊയ്ത്തു കഴിഞ്ഞ സമയം ആണെങ്കില്‍ വയലായിരിക്കും ഞങ്ങളുടെ പ്ലേ ഗ്രൌണ്ട് .ഞങ്ങളെ പേടിച്ചു ചില വീട്ടുകാര്‍ വയലില്‍ പശുവിനെ കൊണ്ട് കെട്ടുമായിരുന്നു . ബോളെടുക്കാന്‍ ചെന്ന് പുളവനും തവളയും യഥേഷ്ടം വിഹരിക്കുന്ന തോട്ടില്‍ മുങ്ങിയത് മറ്റൊരോര്‍മ്മ .

            അക്കാലത്ത് ആരാധനയോടെ കണ്ടിരുന്ന ഒരുപാട് അമാനുഷ്യകരുണ്ട്‌  . ശനിയാഴ്ച വൈകുന്നേരങ്ങളില്‍ എത്തുന്ന ജയ് ഹനുമാനും , ഞായറാഴ്ച ഉച്ചകളില്‍ എത്തുന്ന ശക്തിമാനും അവയില്‍ പ്രമുഖര്‍ . ശനിയാഴ്ച രാത്രിയില്‍ ജയ് ഹനുമാന്‍ കാണാന്‍ ഞാനും ചേച്ചിയും അങ്ങേ വീട്ടിലേക്കു ഒരോട്ടമാണ്  , അമ്മുമ്മയാണ് മിക്കവാറും ഞങ്ങളെ തിരികെ കൊണ്ട് വിടുക . ജയ് ഹനുമാന്‍ കാണാന്‍ കൂപ്പുകൈയോടെ അമ്മുമ്മ  ഇരിക്കുന്നത് ഒരിക്കലും മായാത്ത ഓര്‍മ്മ . ഇപ്പോഴും ബ്രിട്ടാനിയയുടെ പരസ്യം കാണുമ്പോള്‍ ജയ് ഹനുമാന്‍ ഓര്‍മ്മ വരും .
ശക്തിമാന്‍ കണ്ടു മുകളിലേക്ക് കൈയുയര്‍ത്തി പിടിച്ചു ഒരു കറക്കമാണ് ..... പിന്നെ ശക്തിമാന്‍ ആയിക്കഴിഞ്ഞു .
മായാവിയും , കപീഷും , കാലിയയും,ഡിങ്കനും , നമ്പോലനുമോക്കെയാണ് മറ്റുള്ള അമാനുഷ്യകര്‍ .

കൂടെ കളിക്കാനുണ്ടായിരുന്ന ചേട്ടന്മാര്‍ പലരും ഉപരിപറനത്തിനു പലയിടത്തായി ചേക്കേറിയപ്പോഴാണ്  ഞാന്‍ ടി.വിക്കും കമ്പ്യുട്ടറിനും മുന്നിലേക്ക്‌ ഞാന്‍ ചുരങ്ങിയത്.

ഒരു വേനല്‍ക്കാലം കൂടി വന്നെത്തിയിരിക്കുന്നു , സ്വന്തം വീടിന്റെ മുറ്റത്തുകൂടി ഇറങ്ങി കളിക്കുന്ന പിള്ളാരെ ഇന്ന് ഇവിടെ കാണാനില്ല . ഇനിയൊരിക്കല്‍ കൂടി കാണാന്‍ കഴിയുമോ  അത് പോലുള്ള ഒരു വേനല്‍ക്കാലം അറിയില്ല .


 സച്ചിനില്‍ തുടങ്ങിയതാണ്‌ ഓര്‍മ്മകള്‍ ഒരൊഴുക്കു പോലെ എന്തൊക്കയോ കടന്നു വന്നു ..... കാട് കയറിയെങ്കില്‍ ക്ഷമിക്കുക

05 മാർച്ച് 2011

ഒളിച്ചോടിയ പയ്യന്‍സ്



എന്റെ ജീവിതത്തിലെ സംഭവബഹുലമായ നിമിഷങ്ങളില്‍ ഒന്നാണ് ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നത് .ഈ സംഭവം ആദ്യം വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പാട് കാണും . പക്ഷെ എന്റെ കൂട്ടുകാര്‍ക്ക് എന്നെ ( അരക്കിറുക്കന്‍ ) എന്ന് നല്ല പോലെ അറിയാമെന്നുള്ളത്‌ കൊണ്ട് വിശ്വസിക്കും .
സിനിമ എന്ന് പറയുന്നത് എനിക്ക് ഒരു തരാം ഭ്രാന്താണ് , അതിനായി എന്തും ചെയ്യും . ഇത് അതുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് . പ്ലസ് വണ്‍ കാലഘട്ടം ,(ഈ പ്രാന്ത് മൂത്ത് അമ്പതോളം സിനിമകള്‍ ക്ലാസ് കട്ട് ചെയ്തു കണ്ടു പ്ലസ്‌ വണ്ണിലും ടൂവിലുമായി ) എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് പതിമൂന്നു കിലോമീറ്റര്‍ ദൂരം ഉണ്ട് സ്കൂളിലേക്ക് . ആ സമയം തന്നെയാണ് എന്ട്രന്‍സ് കോചിന്ഗിനു കൊണ്ട് ചേര്‍ത്തത് . അതും ആകെ കിട്ടുന്ന ഞായറാഴ്ച അവധി ദിവസം . ഏതാണ്ട് പതിനേഴു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോകണം ടാണ്ടെം എന്നാ എന്ട്രന്‍സ് കോച്ചിംഗ് സെന്റരിലേക്ക് . അതായത് സ്കൂളും കോച്ചിംഗ് സെന്ററും തമ്മില്‍ ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ ദൂരമുണ്ടെന്നു സാരം . ഈ ദൂരത്തിനു ഈ സംഭവുമായി നല്ല ബന്ധമുണ്ട് .

ആദ്യ രണ്ടുമൂന്നു കോച്ചിംഗ് ക്ലാസ്സുകളില്‍ കയറിയതൊഴിച്ചാല്‍ ബാക്കിയെല്ലാ ദിവസവും ഒരു ഇരുപതു രൂപ കൂടി കൈയില്‍ കരുതും , ഒരു സിനിമ കാണാന്‍ . ഇങ്ങനെ കോച്ചിംഗ് ക്ലാസ്സുകളുടെ പേരില്‍ ഞാന്‍ കുറെ സിനിമകള്‍ കണ്ടു നടന്നു . അങ്ങനെയിരിക്കെ ഒരു ദിവസം , കൈയില്‍ ആകെ ഒരു പത്ത് രൂപ എക്സ്ട്ര , തിരിച്ചു വരാനുള്ള പത്തുരൂപയും അതിനോടൊപ്പം ഉണ്ട് . അത് കൊണ്ട് സിനിമ കണ്ടാല്‍ തിരിച്ചു വരാനുള്ള കാശ് കൈയില്‍ ഉണ്ടാവില്ല . പതിയെ സാറെന്മാര്‍ കാണാതെ അന്നത്തെ ക്ലാസ് എന്താണെന്നു നോക്കി ഗണിതം . ഇശ്വരാ ഇതിലും ഭേദം ആത്മഹത്യ തന്നെ , നല്ല അധ്യാപകര്‍ പഠിപ്പിച്ചിരുന്ന കാലത്ത് ഈ വിഷയം എനിക്ക് വളരെ ഇഷ്ടമായിരുന്നു എന്ന് മറക്കരുത് . ഒടുവില്‍ വണ്ടികൂലി കൂടി എടുത്തു പടം കാണാമെന്നു നിരുപിച്ചു .കണ്ടു സൊയമ്പന്‍ പടം , ഇനിയെന്ത് ചെയ്യും .... ആരോടേലും ചോദിച്ചാലോ , വേണ്ട നാണക്കേടാ...നടക്കാം .

നടന്നു ! നോക്കണം , പതിനേഴു കിലോമീറ്റര്‍ നടക്കാന്‍ , അതും നട്ടുച്ചയ്ക്ക് . ഇപ്പൊ നിങ്ങള്‍ക്കും തോന്നി തുടെങ്ങി കാണും എനിക്ക് കിറുക്കാണെന്ന് . അങ്ങനെ നടന്നു ഒരു അഞ്ചു കിലോമീറ്റര്‍ , ക്ഷീണിച്ചു ഇനി വയ്യ ( മേലനങ്ങി ഒരു പണിയും എടുക്കാത്തവനാണെന്നു ഓര്‍ക്കണം ) . ഇനിയെങ്കിലും ആരോടെങ്കിലും ചോദ്യച്ചേ പറ്റു . അതാ ആ ബസ് സ്റ്റോപ്പില്‍ ഒരു ചേട്ടന്‍ നില്‍ക്കുന്നു .

" ചേട്ടാ ഒരു ആറ രൂപയുണ്ടോ എടുക്കാന്‍ ? "

അയാള്‍ പോക്കറ്റില്‍ കൈയിട്ടു കൊണ്ട് തന്നെ " എന്തിനാ മോനെ ? "

" എന്ട്രന്‍സ് കോച്ചിംഗ് -നു പോയിട്ട് വരുകയാ , വണ്ടിക്കൂലി കളഞ്ഞു പോയി "

" എവിടാ കോച്ചിംഗ് ?"

" അടൂര്‍ " ( നില്‍ക്കുന്നിടത്ത് നിന്നും അഞ്ചു കിലോമീറ്റര്‍ പിറകിലോട്ടു )

" സ്കൂള്‍ ? "

" പുനലൂര്‍ " ( നില്‍ക്കുന്നിടത്ത് നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മുന്നോട്ടു )

" വീട് ? "

" പത്തനാപുരം " (നില്‍ക്കുന്നിടത്ത് നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ മുന്നോട്ടു )
ഈ സംഭാഷനത്തിനിടയില്‍ തന്നെ അദ്ദേഹം ആറു രൂപ തന്നിരുന്നു .സ്ഥലങ്ങളുടെ ദൂര വ്യത്യാസത്തില്‍ ഒരു പന്തികേട്‌ അയാളുടെ മുഖത്ത് ഞാന്‍ ശ്രദ്ധിച്ചു .

" നടന്നു ആകെ ക്ഷീണിച്ചു അല്ലെ , ഇന്ന അഞ്ചു രൂപ ഒരു സോഡാ കുടിച്ചോ "

വേണ്ട എന്ന് പറഞ്ഞെങ്കിലും പുള്ളി നിര്‍ബന്ധിച്ചു തന്നു . ഞാന്‍ അടുത്ത് കണ്ട ഒരു കടയില്‍ കയറി സോഡാ കുടിച്ചു . പിറകില്‍ എന്തോ ബഹളം , ആ എന്തായാലും കുടിച്ചിട്ട് നോക്കാം . കുടിച്ചു കാശും കൊടുത്തു തിരിഞ്ഞു നോക്കി , അതാ ആ നാട് മുഴുവന്‍ ഇളകി നില്‍ക്കുന്നു . എനിക്കൊന്നും മനസിലായില്ല , കുഴിലോട്ടു കാലും നിട്ടിയിരിക്കുന്ന വല്യമ്മ മുതല്‍ മൂക്കള ഒലിപ്പിച്ചു കൊണ്ട് നില്‍ക്കുന്ന പേര് ചെറുക്കന്മാര്‍ വരെ അടങ്ങുന്ന വലിയൊരു കൂട്ടം .

ഒടുവില്‍ കാര്യം പിടികിട്ടി , ഞാന്‍ വീട്ടുകാരുമായി പിണങ്ങി വന്നതാണ് പോലും . ഞാനൊന്ന് ഞെട്ടി .
അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല ഇന്നെത്താക്കളും കഷ്ടമായിരുന്നു അന്നെത്തെ എന്റെ മീശ , ഭൂതക്കണ്ണാടി വച്ചുനോക്കിയാല്‍ കണ്ടാലായി .

" പോലിസിനെ വിളി " ഒരു പേട്ടു ചെറുക്കന്‍ ( ഒറ്റ ഞെക്കിനു അവനെ അങ്ങ് കൊന്നാലോ )
" മോനെ ഇത് ഒന്നിനും പരിഹാരമല്ല " ഒരു ബുദ്ധിജീവി മാമന്‍ ( കള്ളാ കിളവാ , ഒരെണ്ണം അങ്ങ് വച്ച് തന്നാലുണ്ടല്ലോ )

അങ്ങനെ ഒരുപാട് അഭിപ്രായങ്ങള്‍ , ഞാന്‍ എന്ത് പറഞ്ഞിട്ടും അവര്‍ക്ക് വിശ്വാസം വരുന്നില്ല . ഞാന്‍ ദയനിയതയോടെ എല്ലാവരുടെയും മുഖത്തേക്കും നോക്കി ഒരു രക്ഷയുമില്ല .

" നീ വീട്ടിലോട്ടു വിളിച്ചു സംസാരിച്ചാലേ ഞങ്ങള്‍ക്ക് വിശ്വാസം വരൂ " ഒരാള്‍ പറഞ്ഞു .
വീട്ടുകാരറിയാതെ ക്ലാസ് കട്ട് ചെയ്തു സിനിമ കണ്ടു നടന്നവന്‍ ഞാന്‍ വീട്ടിലോട്ടു വിളിച്ചാല്‍ ആകെ പൊളിയും . അവര്‍ എന്നെയും കൂട്ടി ഒരു വീട്ടില്‍ കയറി . സിനിമക്ക് പോയതാണെന്ന് പറഞ്ഞാല്‍ അതിലും വലിയ പ്രശ്നം ആകും . ഹോ ദൈവമേ ഇതോ പോലൊരു അനുഭവം ശത്രുക്കള്‍ക്ക് പോലും ഉണ്ടാവരുതേ എന്ന് പ്രാര്‍ഥിച്ച നിമിഷങ്ങള്‍ .
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ എന്റെ ചോറ് പൊതി എടുത്തു കാണിച്ചു . അതേറ്റു , അതില്‍ ഒരു ചേട്ടന് കാര്യം കുറെയേറെ മനസിലായി എന്ന് തോന്നി .

" എനിക്കും പണ്ട് ഇതേ പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് " അയാള്‍

" അത് നീ സിനിമ കാണാന്‍ പോയിട്ടല്ലേ , ഇവന്‍ പഠിക്കാന്‍ പോയതാ " അയാളുടെ അമ്മ .
ഞാന്‍ മുഖമുയര്‍ത്തിയില്ല , മനസില്ല് ഒരു കൊള്ളിമീന്‍ . ഒടുവില്‍ അവര്‍ എന്നെ വെറുതെ വിട്ടു (ബോണസ്സും കിട്ടി ,എല്ലാവരും അഞ്ചു പത്തുമായി കുറച്ചു ചില്ലറകള്‍ തന്നു  ഒരു വലിയ  സ്നേഹപ്രകടനം എന്ന് വേണമെങ്കില്‍ പറയാം )

അവര്‍ എന്നെ ഒരു വണ്ടിയില്‍ കയറ്റി വിട്ടു . മനസ്സില്‍ ഒരു കുറ്റബോധം , ഞാന്‍ പത്തനാപുരത്ത് ഇറങ്ങി കൈയില്‍ മുപ്പതു രൂപയോളം ബാക്കി . അടുത്തുള്ള തീയറ്ററില്‍ ലാലേട്ടന്റെ പടം . ഒന്നും നോക്കിയില്ലാ കയറി അതും കണ്ടിട്ടാ അന്ന്  ഞാന്‍ മടങ്ങിയത് .

ലേബല്‍ ( തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ലാ )

26 ഫെബ്രുവരി 2011

ഒരു വിശ്വസാഹിത്യകാരന്റെ ജനനവും മരണവും

ശാസ്ത്രമേളയുടെ തിരക്കിനിടയിലാണ്  അദ്ധ്യാപകന്‍ ആ കാര്യം പറഞ്ഞത് " കഥ രചന മത്സരത്തിനു പേര് ഉടന്‍ കൊടുക്കുക യുവജനോത്സവം അടുത്താഴ്ചയാണ് "
ഒന്ന് പയറ്റി നോക്കിയാലോ , മറ്റു മത്സരങ്ങളെ പോലെ അല്ല കഥാരചന . എന്ത് ചെയ്താലും അവ വിധികര്‍ത്താക്കള്‍ മാത്രമേ കാണു. അത് മാത്രമല്ല മങ്ങിയ പ്രതിച്ഛായ ഒന്ന് മിനുക്കിയെടുക്കയുമാവാം .അവന്‍ എഴുന്നെറ്റപ്പോള്‍ ക്ലാസ് നിശബ്ദം , എല്ലാവരുടെയും കണ്ണുകളില്‍ അത്ഭുതം . പേര് കൊടുത്തു തിരിച്ചു വന്നിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭുതി . ചുറ്റുമുള്ളവരുടെ ഉയരം കുറയുകയാണോ ? അതോ ഏതാണ്ടെ ഉയരം കൂടുകയോ ? ഇതാ ഒരു വിശ്വസാഹിത്യകാരന്‍ ജനിക്കുകയായി , ആശയത്രിവിക്രമന്‍ , കാല്പനികത നിറഞ്ഞൊഴുകുന്ന ഭൂപ്രകൃതിയുടെ ഉടയോന്‍ . മനസ്സില്‍ തന്നെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ഒരു കൊട്ടാരം കെട്ടാന്‍ അവന്‍ വാക്കുകള്‍ പരതി.ആതിരയുടെയും , ലക്ഷ്മിയുടെയും വന്ദനയുടെയും കണ്ണുകളില്‍ ബഹുമാനമോ ? അതിനുമപ്പുറമോ ?
ഛെ ! കഥാപാത്രത്തിന്റെ പേര് പറഞ്ഞില്ലലോ , മ് മ് ........ ബാലു . നമുക്കിവന്‍ ബാലു എന്ന് വിളിക്കാം .ബാലു തലയുയര്‍ത്തി പിടിച്ചു അല്പം പുച്ഛത്തോടെ ച്ചുട്ടുമിരുന്നവരെ നോക്കി . വീട്ടിലെത്തുന്നിടം വരെ അങ്ങനെ തന്നെ ശ്വാസം പിടിച്ചിരുന്നു .
" അമ്മെ ഞാന്‍ കഥരച്ചനയ്ക്ക് പേര് നല്‍കി "
" നീ എന്തേലും ചെയ് , നിക്കറും യുണിഫോമും അഴിച്ചു വാലെകോലെ ഇടാതെ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്ക് "
ശ്ശെടാ , ഈ നാട്ടിലെ ജനങ്ങള്‍ മൊത്തം ഇങ്ങനെ ആണെല്ലോ . ഒരു എഴുത്തുകാരന് എന്തെങ്കിലും മതിപ്പുണ്ടോ എന്ന് നോക്കണേ . ഒരിക്കല്‍ ഈ നാട് എന്നെ തിരിച്ചറിയും .പിന്നെയും എന്തൊക്കെയോ പിരുപിരുത്ത് കൊണ്ട് മുറിയിലേക്ക് നടന്നു .
...............................................................................
യുവജനോത്സവം അടുക്കുന്തോറും മനസിന്‌ വല്ലാത്ത വിമ്മിഷ്ടം , ഒരു പിരിമുറുക്കം . ഒരുമാതിരി പരീക്ഷയെ അഭിമുഖികരിക്കുന്ന പോലെ . കൈയില്‍ കിട്ടിയ പുസ്തകങ്ങള്‍ എല്ലാം ഒന്നൊഴിയാതെ എല്ലാം വായിച്ചു . ചില കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും വരികളും പത്ത് പതിനഞ്ചു തവണ എഴുതി മനപ്പാഠം ആക്കി  . എന്നിട്ടും ഓര്‍മ്മയില്‍ നില്‍ക്കാത്തവ ഒരു തുണ്ട് കടലാസ്സിലേക്ക് പകര്‍ത്തിയാലോ  എന്ന്   വരെ ചിന്തിച്ചു . ഒടുവില്‍ ആ സുദിനം സമാഗതമായി , ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വിശ്വസാഹിത്യകാരന്‍ , ആശയത്രി ....ആശയത്രി ... ഛെ മറന്നു .. ആ പോട്ടെ ആ മഹാ പ്രസ്ഥാനം ജന്മം കൊള്ളുകയായി . ബാലു മത്സരം നടക്കുന്ന ക്ലാസ് മുറിയില്‍ ചെന്നിരുന്നു, തൊട്ടപ്പുറത്തെ ബഞ്ചില്‍ വിഷ്ണു ഇരിക്കുന്നു . ഇവന് വല്ല വാര്‍ക്കപണിക്കും പോക്കുടെ എന്നോട് മത്സരിക്കാന്‍ വന്നിരിക്കുന്നു ഹും .
അധ്യാപാന്‍ വന്നു വിഷയം പറഞ്ഞു " മരുഭുമിയിലെ യാത്രക്കാര്‍ " വിഷയം പറഞ്ഞതും ബാലു പേനയുമായി മുന്നോട്ടഞ്ഞു പേപ്പറില്‍ 'ഒ' എന്നെഴുതി പിന്നെ നിവര്‍ന്നിരുന്നു ആലോചിച്ചു " മരുഭുമി , യാത്രക്കാര്‍.... വായിച്ച കഥകളില്‍ ഒന്നും മരുഭുമി പസ്ച്ചത്തലമാവിന്നല്ലലോ . എന്തിനാണ് ഞാന്‍ 'ഒ ' എന്നെഴുതിയത് . ഈശ്വര ഞാനെന്തു ചെയും എന്തെഴുതും " ബാലു നഖം കടിച്ചു കൊണ്ട് ചുറ്റും നോക്കി , എല്ലാവരും എഴുതി തുടങ്ങി . വിഷ്ണുവിന്റെ പേപ്പറില്‍ ആശയ പ്രളയം ആണെന്ന് തോന്നുന്നു . ഒന്നെത്തി നോക്കിയാലോ , അതാ സാറ് നോക്കുന്നു . ബാലു ബദ്ധപെട്ടു ഒന്ന് ചിരിച്ചു . മനപ്പാഠം ആക്കിയ  വാക്കുകളും വരികളും ഒന്നും ഓര്‍മ്മവരുന്നില്ല . ഒന്നുമെഴുതാതെ പേപ്പര്‍ തിരിച്ചു കൊടുത്താല്‍ സാറ് തെറി വിളിക്കും , നാണം കെടും .
വളരെ നേരം ഒഴിഞ്ഞ പേപ്പറുമായി ബാലു ഇരുന്നു ഇനിയെന്താണ് വഴി . ഒടുവിലൊരു വഴി തുറന്നു കിട്ടി . തലേന്ന് കണ്ട ഏതോ സിനിമയുടെ കഥ ഒരു തുടര്ച്ചയുമില്ലാതെ എഴുതിപ്പിടിപ്പിച്ചു  പേപ്പര്‍ തിരിച്ചു കൊടുത്തപ്പോള്‍ കൈ വിറച്ചു . സാര്‍ സംശയത്തോടെ അവനെ നോക്കി . അത് കണ്ടിട്ടും കാണാത്തെ പോലെ അവന്‍ നടന്നു . വെളിയിളിരങ്ങിയപ്പോഴേക്കും അവന്‍ വിയര്‍ത്തു കുളിച്ചിരുന്നു . ആ വിയര്‍പ്പില്‍ ഒരു വിശ്വസാഹിത്യകാരന്റെ മുഖംമൂടി ഒലിച്ചു പോകുന്നത് പക്ഷെ ആരും ശ്രദ്ധിച്ചില്ലാ.
(ലേബല്‍ : ബാലുവും ഞാനുമായി എന്തേലും സമാനതകളുണ്ടെങ്കില്‍ അത് യാദ്രിചികം മാത്രം )