31 മാർച്ച് 2011

ആത്മാംശം ഉള്ള കൃതിമികച്ച നോവലിനുള്ള പുരസ്കാരവും വാങ്ങി മടങ്ങുമ്പോള്‍ ആരോ തന്നെ പിന്തുടരുന്നതായി ദാസന് തോന്നി , അയാള്‍ നടത്തത്തിനു വേഗത കൂട്ടി . വീട്ടിലെത്തി ഒന്ന് കുളിച്ചു ചോറും ഉണ്ട്ട് നീണ്ട നിവര്‍ന്ന്‍ കിടന്നു .കണ്ണുകള്‍ പതിയെ അടഞ്ഞു .
പിന്തുടര്‍ന്ന്‍ വരുന്ന മനുഷ്യന്റെ മുഖം കൂടുതല്‍ വ്യക്തമാകുന്നു . എവിടയോ കണ്ട മറന്ന മുഖം . പുരസ്കാരദാന ചടങ്ങിലും ഇയാള്‍ ഉണ്ടായിരുന്നല്ലോ . പൊടി മീശ ,കുഴിഞ്ഞ കണ്ണുകള്‍ , പാറി പറക്കുന്ന്‍ തലമുടി , മുഷിന്ജ് ഷര്‍ട്ടും മുണ്ടും . "വേലായുധന്‍ കുട്ടി " ദാസന്‍ പിറുപിറുത്തു .
"നീ എന്തിനാണ് എന്നെ പിന്തുടരുന്നത് "
"നിങ്ങള്‍ , നിങ്ങള്‍ ആത്മവഞ്ചകനാണ് " ദേഷ്യവും വിഷമവും കലര്‍ന്ന്‍ സ്വരത്തില്‍ വേലായുധന്‍ കുട്ടി പറഞ്ഞു .ദാസന്‍ ഒന്നും മിണ്ടാതെ നിന്ന് .
"പുരസ്കാരദാനച്ചടങ്ങില്‍ താങ്കള്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു , ഈ നോവല്‍ നിങ്ങളുടെ തന്നെ ജീവിതം ആണെന്ന്‍ . വേലായുധന്‍ കുട്ടി നിങ്ങള്‍ ആണെന്ന്‍ . കുറെയധികം അറിവും നല്ല സ്വഭാവങ്ങളും നിങ്ങളെനിക്ക് നല്‍കി , പക്ഷെ പരാധീനതകിലൂടയും അവഗണനകിലുടയുമാണ് ഞാന്‍ കടന്ന്‍ പോയത് . ഒടുവില്‍ പ്രണയിച്ച് പെണ്‍കുട്ടിയും കൈ വിട്ടപ്പോള്‍ ഒരു കുന്നിനു മുകളില്‍ എന്നെ കൊണ്ട്ട് നിര്‍ത്തി നിങ്ങള്‍ ഒന്നും പറയാതെ പിന്‍വാങ്ങി . ഇതായിരുന്നോ നിങ്ങളുടെ ജീവിതം ..... എഴുതിയ കൃതികള്‍ എല്ലാം ആസ്വാദകഹൃദയങ്ങള്‍ കിഴടക്കി ..ഉന്നതങ്ങളിലേക്ക് മാത്രം സഞ്ചരിക്കുന്ന നിങ്ങളും ,പ്രതിക്ഷകളത്രയും നഷ്ടപെട്ട്ട് നിലം പതിച്ച ഞാനും എങ്ങനെ സമന്മാരകും . ആരാധകരെ കൈയിലെടുക്കാന്‍ പറഞ്ഞതാകും ഇല്ലെ ആ വാചകങ്ങള്‍ .മനസാക്ഷിയെ വഞ്ചിച്ച് എങ്ങനെ ഇങ്ങനെയൊരു കള്ളം പറയാന്‍ നിങ്ങള്ക്ക് കഴിയുന്നു " വേലായുധന്‍ കുട്ടിയുടെ തൊണ്ട ഇടറി .
"വേലായുധന്‍ കുട്ടി അത് ......" ദാസന് കുറ്റബോധം കാരണം വാക്കുകള്‍ കിട്ടാതെയായി .
ആയാല്‍ ഞെട്ടി എഴുന്നേട് , ജനാലയില്‍ നിന്ന് കടന്നു വരുന്ന സൂര്യരശ്മികള്‍ ആ ഇരുട്ട മുറിയില്‍ പ്രകാശം പരത്തുന്നത് പോലെ ദാസന്റെ മനസ്സില്‍ വേലായുധന്‍ കുട്ടിയുടെ വാക്കുകള്‍ പ്രതിധ്വനിക്കുന്നു . അയാള്‍ മെല്ലെ എഴുന്നേറ്റ് മേശക്കരുകിലെക്ക് നടന്നു അവിടെ വച്ചിരുന്ന തന്റെ നോവല്‍ എടുത്ത് താളുകള്‍ മറിച്ചു , അതില്‍ വരച്ചിട്ടിരിക്കുന്ന വേലായുധന്‍ കുട്ടിയുടെ രേഖാചിത്രം അയാള്‍ സൂക്ഷിച്ചു നോക്കി ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നു.

26 മാർച്ച് 2011

നമ്മ തലൈവി വാഴകെ !


തിരഞ്ഞെടുപ്പ് മഹാമഹം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ വൈകിയ വേളയില്‍ പിടിച്ചു നില്‍ക്കാന്‍ എന്ത് ചെയ്യും എന്നാ ചിന്തയും പത്രത്തില്‍ വന്ന ചില വാര്ത്തകലുമാനു ഈ പോസ്റ്റിന്റെ നിര്‍മാതാക്കള്‍ .
    കഴിഞ്ഞാഴ്ച റിലീസായ  ക്രിസ്ത്യന്‍ ബ്രദേര്‍സിന്റെ   പോസ്ടറിനു മുകളില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പോസ്ററുകള്‍ പതിഞ്ഞപ്പോള്‍ രോഷം കൊണ്ടതാണ് , എന്നാല്‍ ഈ വെള്ളിയാഴ്ച റിലീസായ " ആഗസ്റ്റ്‌ -15 "-ന്റെ പോസ്ടറിനു മുകളില്‍ അന്ന് വൈകിട്ട് തന്നെ തിരഞ്ഞെടുപ്പ് പോസ്റര്‍ പതിഞ്ഞപ്പോ തന്നെ ഒന്നുറപ്പിച്ചു . വേനലവധിക്കാലത്ത് സാധാരണ കിട്ടുന്ന കളക്ഷന്‍ സിനിമകള്‍ക്ക് ഇപ്പ്രാവശ്യം കിട്ടുമെന്ന് തോന്നുന്നില്ല . പരിക്ഷ ചൂട് , ലോകകപ്പ്‌ ക്രിക്കറ്റ്  കൂടാതെ നല്ല ഉശിരന്‍ തിരഞ്ഞെടുപ്പ് മാമാങ്കവും .
                ഉശിരന്‍ തിരഞ്ഞെടുപ്പ് എന്ന്‍ പറഞ്ഞപ്പോഴാ , സാധാരണ ചില കൂറ് മാറ്റങ്ങള്‍  തിരഞ്ഞടുപ്പ് സമയത്ത് ഉണ്ടാവേണ്ടതാണ് . ഇപ്രാവശ്യം ഇല്ലയോന്നു സംശയിച്ചിരിക്കയായിരുന്നു . നമ്മുടെ പ്രതിക്ഷകള്‍ തെറ്റിച്ചില്ല , വലിയ വലിയ  കൂറ് മാറ്റങ്ങളും പാര്‍ട്ടി രൂപികരണങ്ങളും ഈ തിരഞ്ഞെടുപ്പ് വേളയിലും ഉണ്ടായിരുന്നു .
            ഇവിടെ എല്‍.ഡി.എഫോ യു.ഡി.എഫോ ഭരണത്തില്‍ വരാനായി വേണ്ടിയല്ല സത്യം പറഞ്ഞാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്  . നമ്മുടെ അയാള്‍ സംസ്ഥാനത്ത് തലൈവി ജയലളിത നയിക്കുന്ന അണ്ണാ ഡി.എം.കെ ഭരണത്തിലെറണമെ  എന്നാണു ഈയുല്ലവന്ടെ പ്രാര്‍ത്ഥന  , കാരണമെന്തന്നോ, പറയാം അതിനു മുമ്പ് അല്പം ഫ്ലാഷ് ബാക്ക്  :
            കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കരുണാനിധി എല്ലാവര്ക്കും ടി.വി നല്‍കുമെന്ന് പറഞ്ഞു . പുള്ളി ജയിച്ചു , ടി.വിയും നല്‍കി . പക്ഷെ കുറെ നാള് കഴിഞ്ഞു , നമ്മുടെ കേരളത്തില്‍ കുറെ ടി.വികള്‍ വന്നു മറിഞ്ഞു അയ്യായിരത്തിനും - മൂവായിരത്തിനും എന്തിനു ആയിരം രൂപയ്ക്കു വരെ ടി.വി , കലൈന്ജരുടെ പടമുള്ള നല്ല പുത്തന്‍ ടി.വി .
ഇനി വര്‍ത്തമാനകാല തിരഞ്ഞെടുപ്പിനെപ്പറ്റി പറയാം : 
  1. കരുണാനിധി - 35 കിലോ സൗജന്യ അരി വാഗ്ദാനം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്   , ജയലളിത - 20 കിലോ സൗജന്യ അരി വാഗ്ദാനം റേഷന്‍ കാര്‍ഡു ഉള്ള എല്ലാവര്ക്കും .
  2. കരുണാനിധി- വീട്ടമ്മമാര്‍ക്ക് മിക്സി അല്ലെങ്കില്‍ ഗ്രൈന്‍ഡര്‍ , ജയലളിത - വീട്ടമ്മമാര്‍ക്ക് മിക്സി , ഗ്രൈന്‍ഡര്‍ ഒപ്പം ഫാനും .
  3. കരുണാനിധി - സര്‍ക്കാര്‍ എന്ജിനിയരിംഗ് കോളേജുകളിലെ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക്  ലാപ്ടോപ്പ്   , ജയലളിത - പ്ലസ് വണ്‍ മുതലുള്ള എല്ലാവര്ക്കും ലാപ്ടോപ്പ് .
  4.  കരുണാനിധി - നിര്‍ധന പെണ്‍കുട്ടികള്‍ക്ക് 25000 രൂപയുടെ വിവാഹ ധന സഹായം , ജയലളിത - നിര്‍ധന പെണ്‍കുട്ടികള്‍ക്ക് 25000 രൂപയുടെ വിവാഹ ധന സഹായവും അരപ്പവന്റെ താലിയും .
നമ്മുടെ നേതാക്കള്‍ എന്നാണാവോ ഇത് പോലുള്ള വാഗ്ദാനങ്ങള്‍  തരുന്നത് .
ഹോ ! ജയലളിത എങ്ങാനും ജയിച്ചാലുള്ള കേരളത്തിലെ അവസ്ഥ നോക്കണേ :
  • 100 രൂപയ്ക്ക് മിക്സിയും , ഗ്രൈന്‍ഡറും , ഫാനും .
  • 1000  രൂപയ്ക്ക് ലാപ് ടോപ്പ് 
എന്റെ ഒടേ തമ്പുരാനെ തമിഴ് നാട്ടില്‍ നമ്മ പൊന്‍ അമ്മാവേ , നമ്മ തലൈവിയെ കാപ്പാത്തണെ  ( പടച്ചോനെ ലച്ചിക്കണേ ) .
(വാല്‍കക്ഷണം : അയല്‍പക്കത്തെ പറമ്പിലെ പുല്ലിനെ കണ്ടു ഒരു പശുവിനെ വളര്‍ത്തിയാല്‍ ഇപ്പൊ എന്തിരാണ് കൊയപ്പം )

10 മാർച്ച് 2011

ശവപ്പറമ്പ്


അതിവേഗം പോയാ ശകടം
വഴിയില്‍ നിണമായി ഒഴുകും നേരം .

ഒരു ജീവന്‍ പിടയുന്നിതാ ,
ഒരിറ്റു ദാഹജലത്തിനായി .

കണ്ണ് തുറന്നു നടന്നവര്‍ ,
പലതും കണ്ടില്ലെന്നു നടിപ്പു .

നിര്‍ജ്ജീവമായി ഞാനും നീയും
നമ്മളൊക്കയും നാടിനെ ശവപ്പറമ്പാക്കുന്നു.

07 മാർച്ച് 2011

അന്യ നാട്ടിലെ അടിയുടെ ചൂട്

ഇത് വരെ പറഞ്ഞ അനുഭവ കഥകളില്‍ നിന്നും വളരെ വ്യതയസ്തത ഉണ്ട് ഈ അനുഭവത്തിനു . അത് പറയും മുന്പ് അല്പം പഴെയ ഒരു സംഭവം വിവരിക്കാം .
        ഏഴാം ക്ലാസ്സ് വരെ ഞാന്‍ ഒരു ചട്ടമ്പി ആയിരുന്നു , ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരുത്തനെ തല്ലി . അവന്‍ അമ്മയെയും വിളിച്ചോണ്ട് വന്നു ബഹളം വച്ചു, ഹെഡ് മാഷ്‌ വന്നു . ഇനി പ്രശ്നം വല്ലതും ഉണ്ടെങ്കില്‍ പുറത്താക്കുമെന്ന് പറഞ്ഞു . ഞാന്‍ ആരോടും പറയാതെ , അത് മനസ്സില്‍ തന്നെ വച്ചു . അതില്‍ പിന്നെ ആരേലും തല്ലിക്കൊന്നാലും , ഒന്നും ചെയ്യില്ല .
 ഇനി പറയാന്‍ വന്നത് പറയാം , പ്ലസ്‌ ടൂ കഴിഞ്ഞു എന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു എഞ്ചിനിയറിങ്ങിനു കൊണ്ട് ചേര്‍ത്ത് . ഒടുവില്‍ മനസില്ല മനസോടെ ഞാന്‍ കോയമ്പത്തൂര്‍ ചെന്നു . എന്നാല്‍ ഒരുപാട് കൂട്ടുകാരുടെ പുതിയ ലോകമാണ് എനിക്ക് അവിടെ കിട്ടിയത് . തമിഴ് കുട്ടികളോടെ വരെ നല്ല സൌഹൃദം , അങ്ങനെ അറിയപ്പെടാത്ത ആ നാട്ടില്‍ അല്പം സന്തോഷം തോന്നി .

ഒരു കാര്യം കൂടി ഇതിനിടയില്‍ പറഞ്ഞു കൊള്ളട്ടെ . ഞങ്ങളുടെ ഹോസ്ടല്‍ ഒരു പട്ടിക്കാട്ടിലാണ് , പണ്ട് ഒരു ശ്മശാനം ഉണ്ടായിരുന്ന സ്ഥലം ന്യായ വിലയ്ക്ക് വാങ്ങി ഹോസ്ടല്‍ പണിതതാണ് .

ഒരാഴ്ച കടന്നു പോയി , ഞങ്ങളുടെ ഹോസ്ടലില്‍ ഒരു നിയമം ഒമ്പത് മണി കഴിഞ്ഞു മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല .
അങ്ങനെ ഒരു ദിവസം .... ഒരു തമിഴന്‍ കൂട്ടുകാരന്‍ ഞങ്ങളുടെ മുറിയില്‍ വന്നു

" ഡേയ് മച്ചാ ....."
അല്ല തമിഴില്‍ പറയുന്നില്ല ഞാന്‍ തര്‍ജ്ജിമ ചെയ്തു തരാം . ഒമ്പത് മണി കഴിഞ്ഞു മൊബൈല്‍ ഉപയോഗിച്ച ഒരു ചെറുക്കന്റെ മൊബൈല്‍ പി.ഡി ( കായികദ്ധ്യാപകന്‍) മദ്യപിച്ചു മദോന്മത്തനായി എറിഞ്ഞുടച്ചു . നമ്മള്‍ പ്രതികരിക്കണം , ഒറ്റക്കെട്ടായി നില്‍ക്കണം .

ആദ്യം ഞങ്ങള്‍ ഒന്ന് സംശയിച്ചു നിന്ന് , പിന്നെയും ആരോ പറഞ്ഞു നമ്മുക്ക് നാളെ ഒരാവശ്യം വരുമ്പോള്‍ അവരെ കാണു .
ശരി ഞങ്ങള്‍ ഇറങ്ങി , ഞങ്ങള്‍ ഒരു പത്തമ്പത് കുട്ടികള്‍ നിരന്നു . രണ്ടു സ്റ്റെപ് നടന്നതും  എല്ലാവനും കൂടി ഒച്ച വച്ചു ബഹളം ഉണ്ടാക്കി , ഭയങ്കര കൂക്ക് വിളി .പിന്നെ ആരുടയോ അശരീരി കേട്ട് " പി.ഡി വരുന്നുണ്ട് ഓടിക്കോ " .

എല്ലാവരും ഓടി മുറികളില്‍ കയറി കതകടച്ചു , അല്പം സമയം കടന്നു പോയി . ആ മറ്റവന്‍ വീണ്ടും വന്നു , ഇനി മുമ്പത്തെ പോലെ അലങ്കോലം ഉണ്ടാവില്ല .എന്റെ മുറിയിലാണെങ്കില്‍ ഞാനും ചാക്കോ എന്ന് വിളിക്കുന്ന ശ്രീജിത്തും  മാത്രം ബാക്കിയുള്ളവരൊക്കെ  അടുത്ത മുറിയിലും . അവന്മാര്‍ ഉറപ്പിച്ചു പറഞ്ഞതല്ലേ ഏതായാലും ഇറങ്ങാം . മുറിയില്‍ നിന്ന്  വെളിയില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ മുറി പൂട്ടാന്‍ തുടങ്ങി
" ഇത് പൂട്ടാണോ ? " ചാക്കോ .
"മൊബൈലും മറ്റും അകത്ത് അല്ലെ , ചുറ്റും കള്ളന്മാരാ " ഞാന്‍ .

അപ്പോഴും ചാക്കൊയിക്ക് സംശയം , ഞാന്‍ അല്പം കൂടി പക്വതയോടെ സംസാരിച്ചു
"ഇപ്പൊ പൂട്ടിയാല്‍ പിന്നെ ദൂഖിക്കേണ്ട ..." അവന്‍ സമ്മതിച്ചു .
പൂട്ടി ഞങ്ങള്‍ അവരുടെ പിറകില്‍ നടന്നു ... നാല് സ്റ്റെപ്പുകള്‍ നടന്നതും ഈ നാറികള്‍ പഴയ പണി തന്നെ വീണ്ടും ചെയ്തു , ഭയങ്കര കൂക്ക് വിളിയും ബഹളവും . ഇപ്രാവശ്യം പി.ഡി ശരിക്കും പ്രത്യക്ഷപ്പെട്ടു , ബാക്കിയുള്ളവര്‍ ഓടി മുറിയില്‍ കയറി . ഞാനും ചാക്കോയും മുറി തുറക്കാന്‍ പെടാപ്പാട് പെടുകയാണ് . പേടി കാരണം താക്കോല്‍ പഴുത് പോലും കാണാനില്ല . അതാ സാര്‍ ഞങ്ങളെ കണ്ടു , ഞങ്ങള്‍ കതകു തുറന്നു ..... അയാള്‍ തൊട്ടു പിന്നിലെത്തി , ഞങ്ങള്‍ കതകു തുറന്നു അകത്തു കയറി കതകടച്ച്ചു . വെളിയില്‍ സാറ് കതകു മുട്ടുന്നു ,കൈയില്‍ കിട്ടിയ കുപ്പിയുമെടുത്ത് കതകു തുറന്നു .
"എന്നടാ ? "

" വെള്ളം പിടിക്കാന്‍ ഇറങ്ങിയത സാറേ .. "

" കതകു പൂട്ടിയിട്ടുട്ടാണൊഡാ വെള്ളം പിടിക്കാന്‍ ഇറങ്ങുന്നത് ... ഇറങ്ങട രണ്ടും "

ഞങ്ങളെയും അപ്പുറത്തെ മുറിയില്‍ നിന്നും ഒരു നിഷ്കളങ്കനെയും ഒരു ജിമ്മനെയും പൊക്കി . .

മുന്നില്‍ വേറൊരുത്തനെ ഇട്ടു തല്ലുന്നു , അത് കഴിഞ്ഞു ജിമ്മനെ പിടികൂടി . അവന്‍ പരമാവതി ഒഴിഞ്ഞു മാറി . തൊട്ടടുത്തത് ഞാനാണ് , ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്നും പറഞ്ഞു ഞാന്‍ ഇങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് , എന്റെ പിന്നില്‍ നിന്നിരുന്ന നിഷ്കളങ്ങന്റെ ചെകിട്ടത്ത് ഒരു പൊട്ടിര് എന്നിട്ട് ഒരു തമിഴ് ഡയലോഗും ... തര്‍ജ്ജിമ ചുവടെ ചേര്‍ക്കുന്നു " അടിക്കുമ്പോള്‍ ചിരിക്കും അല്ലേട നായെ "

ഇപ്പൊ ആ ഡയലോഗും അടിയും ഓര്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും , അപ്പൊ വല്ലാത്ത വിഷമം തോന്നി അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോള്‍ കഠാര നെഞ്ചില്‍ കുത്തിയിറക്കും പോലെ . അടുത്തടി എനിക്കായിരുന്നു ( പൊന്നീച്ച പറക്കുക , നക്ഷത്രങ്ങള്‍ തെളിയുക എന്നൊക്കെ തമാശയായി കേട്ടുട്ടിട്ടുണ്ടെകിലും , അത് സത്യാമാനെന്നു ഞാന്‍ അന്ന് മനസിലാക്കി ) ഒരു അര മണിക്കൂര്‍ ഒരു മൂളല്‍ എന്റെ ചെവിയില്‍ നീണ്ടു നിന്നു .

ആ നിഷ്കളങ്കന്‍ ബോധം കേട്ട് വീണു അവനെ പൊക്കി മുറിയില്‍ കിടത്തി , ഞങ്ങളെ പുറത്താക്കി . നോക്കേണം വന്നിട്ട് ഒരാഴ്ച ആയതേ ഒള്ളു , രാത്രി പരിചയമില്ലാത്ത സ്ഥലം , പട്ടികള്‍ ഓരിയിടുന്നു , കൊടും തണുപ്പ് , ശ്മശാനം ഉണ്ടായിരുന്ന സ്ഥലം .

സര്‍വ്വ സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞ നിമിഷങ്ങള്‍ ...

" സര്‍ടിഫിക്കറ്റു കിട്ടിയിരുന്നെകില്‍ പോകാമായിരുന്നു " ചാക്കോ .

ചിരിക്കണോ കരയണോ , ഒരു നിമിഷം ആ തമാശ കേട്ട് അവനെ അടിമുടി നോക്കി .
അല്പം നേരം കഴിഞ്ഞു വേറൊരു സാറ് വന്നു കുറെ വഴക്ക് പറഞ്ഞു ഞങ്ങളെ തിരിച്ചു കയറ്റി .

അകത്തു നടന്ന കാര്യങ്ങള്‍ ഒന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല , പിന്നിട് പിള്ളാര്‌ പറഞ്ഞു കാര്യം അറിഞ്ഞു , ഞങ്ങള്‍ക്ക് വേണ്ടു കൂട്ടുകാര്‍ പി.ഡിയെ തല്ലാന്‍ ചെന്നതും മറ്റും .ആദ്യമായി കൂട്ടുകാരോട് ഇഷ്ടം തോന്നിയ നിമിഷങ്ങള്‍ . ഒരുപാട് അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടും , മറക്കാന്‍ പറ്റാത്ത ഏറ്റവും വലിയ സംഭവം ആ   ഒരു രാത്രി തന്നെ . നിങ്ങള്‍ ഉദേശിച്ചത്‌ പോലെ വളരെ രസകരമായ സംഭവം ഒന്നുമല്ല , വീണ്ടും വീണ്ടും ഈ ഓര്‍മ്മകള്‍ തികട്ടി വരുന്നത് കൊണ്ട് എഴുതി പോയതാ ക്ഷമിക്കണം .

05 മാർച്ച് 2011

ഒളിച്ചോടിയ പയ്യന്‍സ്എന്റെ ജീവിതത്തിലെ സംഭവബഹുലമായ നിമിഷങ്ങളില്‍ ഒന്നാണ് ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നത് .ഈ സംഭവം ആദ്യം വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പാട് കാണും . പക്ഷെ എന്റെ കൂട്ടുകാര്‍ക്ക് എന്നെ ( അരക്കിറുക്കന്‍ ) എന്ന് നല്ല പോലെ അറിയാമെന്നുള്ളത്‌ കൊണ്ട് വിശ്വസിക്കും .
സിനിമ എന്ന് പറയുന്നത് എനിക്ക് ഒരു തരാം ഭ്രാന്താണ് , അതിനായി എന്തും ചെയ്യും . ഇത് അതുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് . പ്ലസ് വണ്‍ കാലഘട്ടം ,(ഈ പ്രാന്ത് മൂത്ത് അമ്പതോളം സിനിമകള്‍ ക്ലാസ് കട്ട് ചെയ്തു കണ്ടു പ്ലസ്‌ വണ്ണിലും ടൂവിലുമായി ) എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് പതിമൂന്നു കിലോമീറ്റര്‍ ദൂരം ഉണ്ട് സ്കൂളിലേക്ക് . ആ സമയം തന്നെയാണ് എന്ട്രന്‍സ് കോചിന്ഗിനു കൊണ്ട് ചേര്‍ത്തത് . അതും ആകെ കിട്ടുന്ന ഞായറാഴ്ച അവധി ദിവസം . ഏതാണ്ട് പതിനേഴു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോകണം ടാണ്ടെം എന്നാ എന്ട്രന്‍സ് കോച്ചിംഗ് സെന്റരിലേക്ക് . അതായത് സ്കൂളും കോച്ചിംഗ് സെന്ററും തമ്മില്‍ ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ ദൂരമുണ്ടെന്നു സാരം . ഈ ദൂരത്തിനു ഈ സംഭവുമായി നല്ല ബന്ധമുണ്ട് .

ആദ്യ രണ്ടുമൂന്നു കോച്ചിംഗ് ക്ലാസ്സുകളില്‍ കയറിയതൊഴിച്ചാല്‍ ബാക്കിയെല്ലാ ദിവസവും ഒരു ഇരുപതു രൂപ കൂടി കൈയില്‍ കരുതും , ഒരു സിനിമ കാണാന്‍ . ഇങ്ങനെ കോച്ചിംഗ് ക്ലാസ്സുകളുടെ പേരില്‍ ഞാന്‍ കുറെ സിനിമകള്‍ കണ്ടു നടന്നു . അങ്ങനെയിരിക്കെ ഒരു ദിവസം , കൈയില്‍ ആകെ ഒരു പത്ത് രൂപ എക്സ്ട്ര , തിരിച്ചു വരാനുള്ള പത്തുരൂപയും അതിനോടൊപ്പം ഉണ്ട് . അത് കൊണ്ട് സിനിമ കണ്ടാല്‍ തിരിച്ചു വരാനുള്ള കാശ് കൈയില്‍ ഉണ്ടാവില്ല . പതിയെ സാറെന്മാര്‍ കാണാതെ അന്നത്തെ ക്ലാസ് എന്താണെന്നു നോക്കി ഗണിതം . ഇശ്വരാ ഇതിലും ഭേദം ആത്മഹത്യ തന്നെ , നല്ല അധ്യാപകര്‍ പഠിപ്പിച്ചിരുന്ന കാലത്ത് ഈ വിഷയം എനിക്ക് വളരെ ഇഷ്ടമായിരുന്നു എന്ന് മറക്കരുത് . ഒടുവില്‍ വണ്ടികൂലി കൂടി എടുത്തു പടം കാണാമെന്നു നിരുപിച്ചു .കണ്ടു സൊയമ്പന്‍ പടം , ഇനിയെന്ത് ചെയ്യും .... ആരോടേലും ചോദിച്ചാലോ , വേണ്ട നാണക്കേടാ...നടക്കാം .

നടന്നു ! നോക്കണം , പതിനേഴു കിലോമീറ്റര്‍ നടക്കാന്‍ , അതും നട്ടുച്ചയ്ക്ക് . ഇപ്പൊ നിങ്ങള്‍ക്കും തോന്നി തുടെങ്ങി കാണും എനിക്ക് കിറുക്കാണെന്ന് . അങ്ങനെ നടന്നു ഒരു അഞ്ചു കിലോമീറ്റര്‍ , ക്ഷീണിച്ചു ഇനി വയ്യ ( മേലനങ്ങി ഒരു പണിയും എടുക്കാത്തവനാണെന്നു ഓര്‍ക്കണം ) . ഇനിയെങ്കിലും ആരോടെങ്കിലും ചോദ്യച്ചേ പറ്റു . അതാ ആ ബസ് സ്റ്റോപ്പില്‍ ഒരു ചേട്ടന്‍ നില്‍ക്കുന്നു .

" ചേട്ടാ ഒരു ആറ രൂപയുണ്ടോ എടുക്കാന്‍ ? "

അയാള്‍ പോക്കറ്റില്‍ കൈയിട്ടു കൊണ്ട് തന്നെ " എന്തിനാ മോനെ ? "

" എന്ട്രന്‍സ് കോച്ചിംഗ് -നു പോയിട്ട് വരുകയാ , വണ്ടിക്കൂലി കളഞ്ഞു പോയി "

" എവിടാ കോച്ചിംഗ് ?"

" അടൂര്‍ " ( നില്‍ക്കുന്നിടത്ത് നിന്നും അഞ്ചു കിലോമീറ്റര്‍ പിറകിലോട്ടു )

" സ്കൂള്‍ ? "

" പുനലൂര്‍ " ( നില്‍ക്കുന്നിടത്ത് നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ മുന്നോട്ടു )

" വീട് ? "

" പത്തനാപുരം " (നില്‍ക്കുന്നിടത്ത് നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ മുന്നോട്ടു )
ഈ സംഭാഷനത്തിനിടയില്‍ തന്നെ അദ്ദേഹം ആറു രൂപ തന്നിരുന്നു .സ്ഥലങ്ങളുടെ ദൂര വ്യത്യാസത്തില്‍ ഒരു പന്തികേട്‌ അയാളുടെ മുഖത്ത് ഞാന്‍ ശ്രദ്ധിച്ചു .

" നടന്നു ആകെ ക്ഷീണിച്ചു അല്ലെ , ഇന്ന അഞ്ചു രൂപ ഒരു സോഡാ കുടിച്ചോ "

വേണ്ട എന്ന് പറഞ്ഞെങ്കിലും പുള്ളി നിര്‍ബന്ധിച്ചു തന്നു . ഞാന്‍ അടുത്ത് കണ്ട ഒരു കടയില്‍ കയറി സോഡാ കുടിച്ചു . പിറകില്‍ എന്തോ ബഹളം , ആ എന്തായാലും കുടിച്ചിട്ട് നോക്കാം . കുടിച്ചു കാശും കൊടുത്തു തിരിഞ്ഞു നോക്കി , അതാ ആ നാട് മുഴുവന്‍ ഇളകി നില്‍ക്കുന്നു . എനിക്കൊന്നും മനസിലായില്ല , കുഴിലോട്ടു കാലും നിട്ടിയിരിക്കുന്ന വല്യമ്മ മുതല്‍ മൂക്കള ഒലിപ്പിച്ചു കൊണ്ട് നില്‍ക്കുന്ന പേര് ചെറുക്കന്മാര്‍ വരെ അടങ്ങുന്ന വലിയൊരു കൂട്ടം .

ഒടുവില്‍ കാര്യം പിടികിട്ടി , ഞാന്‍ വീട്ടുകാരുമായി പിണങ്ങി വന്നതാണ് പോലും . ഞാനൊന്ന് ഞെട്ടി .
അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല ഇന്നെത്താക്കളും കഷ്ടമായിരുന്നു അന്നെത്തെ എന്റെ മീശ , ഭൂതക്കണ്ണാടി വച്ചുനോക്കിയാല്‍ കണ്ടാലായി .

" പോലിസിനെ വിളി " ഒരു പേട്ടു ചെറുക്കന്‍ ( ഒറ്റ ഞെക്കിനു അവനെ അങ്ങ് കൊന്നാലോ )
" മോനെ ഇത് ഒന്നിനും പരിഹാരമല്ല " ഒരു ബുദ്ധിജീവി മാമന്‍ ( കള്ളാ കിളവാ , ഒരെണ്ണം അങ്ങ് വച്ച് തന്നാലുണ്ടല്ലോ )

അങ്ങനെ ഒരുപാട് അഭിപ്രായങ്ങള്‍ , ഞാന്‍ എന്ത് പറഞ്ഞിട്ടും അവര്‍ക്ക് വിശ്വാസം വരുന്നില്ല . ഞാന്‍ ദയനിയതയോടെ എല്ലാവരുടെയും മുഖത്തേക്കും നോക്കി ഒരു രക്ഷയുമില്ല .

" നീ വീട്ടിലോട്ടു വിളിച്ചു സംസാരിച്ചാലേ ഞങ്ങള്‍ക്ക് വിശ്വാസം വരൂ " ഒരാള്‍ പറഞ്ഞു .
വീട്ടുകാരറിയാതെ ക്ലാസ് കട്ട് ചെയ്തു സിനിമ കണ്ടു നടന്നവന്‍ ഞാന്‍ വീട്ടിലോട്ടു വിളിച്ചാല്‍ ആകെ പൊളിയും . അവര്‍ എന്നെയും കൂട്ടി ഒരു വീട്ടില്‍ കയറി . സിനിമക്ക് പോയതാണെന്ന് പറഞ്ഞാല്‍ അതിലും വലിയ പ്രശ്നം ആകും . ഹോ ദൈവമേ ഇതോ പോലൊരു അനുഭവം ശത്രുക്കള്‍ക്ക് പോലും ഉണ്ടാവരുതേ എന്ന് പ്രാര്‍ഥിച്ച നിമിഷങ്ങള്‍ .
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ എന്റെ ചോറ് പൊതി എടുത്തു കാണിച്ചു . അതേറ്റു , അതില്‍ ഒരു ചേട്ടന് കാര്യം കുറെയേറെ മനസിലായി എന്ന് തോന്നി .

" എനിക്കും പണ്ട് ഇതേ പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് " അയാള്‍

" അത് നീ സിനിമ കാണാന്‍ പോയിട്ടല്ലേ , ഇവന്‍ പഠിക്കാന്‍ പോയതാ " അയാളുടെ അമ്മ .
ഞാന്‍ മുഖമുയര്‍ത്തിയില്ല , മനസില്ല് ഒരു കൊള്ളിമീന്‍ . ഒടുവില്‍ അവര്‍ എന്നെ വെറുതെ വിട്ടു (ബോണസ്സും കിട്ടി ,എല്ലാവരും അഞ്ചു പത്തുമായി കുറച്ചു ചില്ലറകള്‍ തന്നു  ഒരു വലിയ  സ്നേഹപ്രകടനം എന്ന് വേണമെങ്കില്‍ പറയാം )

അവര്‍ എന്നെ ഒരു വണ്ടിയില്‍ കയറ്റി വിട്ടു . മനസ്സില്‍ ഒരു കുറ്റബോധം , ഞാന്‍ പത്തനാപുരത്ത് ഇറങ്ങി കൈയില്‍ മുപ്പതു രൂപയോളം ബാക്കി . അടുത്തുള്ള തീയറ്ററില്‍ ലാലേട്ടന്റെ പടം . ഒന്നും നോക്കിയില്ലാ കയറി അതും കണ്ടിട്ടാ അന്ന്  ഞാന്‍ മടങ്ങിയത് .

ലേബല്‍ ( തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ലാ )