29 ഏപ്രിൽ 2011

അമ്മ പറഞ്ഞു തന്ന ആനക്കഥ




ഒരു  ബ്ലോഗ്‌  പോസ്റ്റിനു  വിഷയം   ചികഞ്ഞു ബാല്യകാല ഓര്‍മ്മകള്‍ വാരിവലിചിട്ടപ്പോഴാണ് ചില നനുത്ത ഓര്‍മ്മകളും ആ കഥയും അവിടെ  പൊടീ പിടിച്ചു കിടക്കുന്നത് കണ്ടത് .
                   എന്റെ അമ്മ വീട് പത്തനംതിട്ടയിലെ കോന്നിയിലാണ് . അച്ഛന്‍കോവിലാറിന്റെ  തീരത്താണ് എന്ന് വേണമെങ്കില്‍ പറയാം . വീട്ടില്‍ നിന്നും പത്തടി നടന്നാല്‍ മതി , ആറ്റിലെത്താന്‍  . ആറിനക്കാരെ പുതിയകാവ് ദേവിക്ഷേത്രം . കുളിക്കാനും നനയ്ക്കാനും അമ്പലത്തില്‍ പോകാനുമായി ഒരുപാട് പേര്‍ വീടിനു മുമ്പിലുടെ  പോകാറുണ്ട്  . കോന്നി ആനക്കൂട്ടില്‍ നിന്നും പണ്ട്  സ്ഥിരമായി ആനകളെ കുളിപ്പിക്കാന്‍ ആ കടവിലാണ്  കൊണ്ട് വരുന്നത്  .
               അവിടുത്തെ  വീടിന്റെ മുമ്പില്‍  ഒരു സര്‍വ്വേ  കല്ലും  പഞ്ചായത്ത് വക പൈപ്പും ഉണ്ട് . ആ സര്‍വ്വേക്കലും ഞാനുമായി എന്തോ ആത്മബന്ധമുണ്ട് , കാരണം ( ചേച്ചിമാര് പറഞ്ഞു കേട്ട അറിവാണെ  )  അന്നെനിക്ക്  വയസു ഒന്ന് . അമ്മ കോന്നി പി .എസ .വി .പി .എം  സ്കൂളിലെ  മലയാള  അധ്യാപിക  . രാവിലെ  അമ്മ സ്കൂളില്‍  പോകുന്നിടം  വരെ  എന്നെ പോലെ ഒരു മര്യാദക്കാരന്‍  ആ പ്രദേശത്ത് വേറെ ആരും കാണില്ല   . അമ്മ സ്കൂളിലേക്ക്  ഇറങ്ങുന്നതോടെ  എന്റെ  നിലവിളി  അതിരുകള്‍  ലങ്ഘിച്ചു  പൊന്തുകയാണ്  . അമ്മുമ്മ  , വല്യമ്മ (അമ്മയുടെ  ചേച്ചി  ), വല്യമ്മയുടെ മക്കളായ  അജി  ചേച്ചി  ജിജി ചേച്ചി  , എന്റെ നേര്‍  പെങ്ങള്‍  വീണ  .... എന്നിങ്ങനെ  ഒരു നീണ്ട  പെണ്‍പട  തന്നെ  പഠിച്ച  പണി  പതിനെട്ടും  നോക്കും  . ഞാനുണ്ടോ  വിട്ടു  കൊടുക്കുന്നു  ഒന്നരക്കട്ട  , രണ്ടരക്കട്ട  നിലവിളിയുടെ  സംഗതി  കൂട്ടിക്കൊന്ടെയിരിക്കും  . ഒടുവില്‍  അവര്‍ പത്തൊന്പതാമെത്തെ അടവെടുക്കും , എന്നെയും എടുത്തു കൊണ്ട് ആ സര്‍വ്വേ കല്ലിനടുത്തുക്കെ ഓടും . എന്തോ ആ സര്‍വ്വേക്കല്ലില്‍ എന്നെ പ്രതിഷ്ടിച്ചു കഴിയുമ്പോള്‍ സ്വിച്ചിട്ടപോലെ ഞാന്‍ ശാന്തനാവും . വഴിപോക്കരെ കാണാം എന്നുള്ളത് കൊണ്ടോ , നല്ല കാറ്റ് എല്ലക്കുന്നത് കൊണ്ടോ മറ്റോ ആയിരിക്കണം ഞാന്‍ ശാന്തനാകുന്നത് .


                 ആ പ്രദേശവുമായി ബന്ധപ്പെട്ടു മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരോര്‍മ്മ അമ്മ പറഞ്ഞു തന്നിട്ടുള്ള ഒരു സംഭവകഥയാണ് , ഒരു ആനക്കഥ .
    എന്നും കോന്നി ആനക്കൂട്ടില്‍ നിന്നും ആനകളെ കുളിപ്പിക്കാന്‍ ആ  വഴി കൊണ്ട് പോകും .വീടിനു മുമ്പിലുള്ള പഞ്ചായത്ത് പൈപ്പില്‍ നിന്നും വരിവരിയായി വെള്ളം കുടിച്ചിട്ട് ആറ്റിലേക്ക് നടക്കും. അക്കാലത്ത് പ്രശസ്തരായ രണ്ടു ആനകളുണ്ട് അവിടെ അയ്യപ്പനും മേനകയും .സ്ഥിരമായി അയ്യപ്പനാണ് ആദ്യം വെള്ളം  കുടിക്കാറ   . 
                                         ഒരു ദിവസം അമ്മ വീടിന്റെ ഉമ്മറപ്പടിയിലിരുന്നു വല്യമ്മയുടെ മോളെ കളിപ്പിച്ച്ചുകൊണ്ടിരിക്കുന്നു .എന്നത്തെയും പോലെ അന്നും ആനകള്‍ കുളിക്കാന്‍ വന്നു പക്ഷെ അയ്യപ്പന് മുമ്പേ മേനക വള്ളം കുടിച്ചു . അയ്യപ്പന് അത് അത്ര പിടിച്ചില്ലാ . അയ്യപ്പന്‍ കൊമ്പു കൊണ്ട് മേനകയെ തള്ളി മാറ്റി . കൊമ്പു വയറു തുളച്ചു കയറി , ലോകം നടുങ്ങുമാര് ചിന്നം വിളിച്ചു കൊണ്ട് അത് ആറ്റിലെക്കോടി  . ഓടുമ്പോള്‍ വയറ്റില്‍ നിന്നും കൊടലും പണ്ടവും വഴിയിലേക്ക് തെറിച്ചു വീണുകൊണ്ടിരുന്നു . ഒരു നിമിഷത്തെ അങ്കലാപ്പിനു ശേഷം അമ്മ കുഞ്ഞിനെയുമെടുത്ത് അകത്തു കയറി കതകടച്ചു , ജനാലയിലുടെ പുറത്തേക്ക് നോക്കി . മേനകയുടെ ചിന്നംവിളി അപ്പോഴും ഉയര്‍ന്നു കേട്ട് കൊണ്ടിരുന്നു .
" അവന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല , തല കൊണ്ട് ഒന്ന് തെള്ളി മാറ്റണം എന്നെ ഉദെശിച്ചോള്ളൂ" അമ്മ എടുത്തെടുത്ത് പറയും .
പാപ്പാന്മാര്‍ കുത്ത് കൊണ്ടോടിയ മേനകയുടെ പിറകെ ഓടിയിട്ടും , അറിയാതെ ചെയ്തോരപരധത്ത്തിന്റെ കുറ്റബോധം കൊണ്ടോ എന്തോ അയ്യപ്പന്‍ ആ പൈപ്പിനടുത്ത് തന്നെ നിന്നു  , പാപ്പാന്മാര്‍ തിരിച്ചു കൊണ്ട് പോകുന്നിടം വരെ . കൊടലും പണ്ടവും വാരിക്കൂട്ടി തയിച്ച്ചു ഒരുപാട് ശ്രിശ്രുഷകള്‍ നടത്ത്തിയന്കിലും ഫലം കണ്ടില്ല , മേനക മരിച്ചു . അറിയാതെ പറ്റിയ അപരാധത്തിന്  കുറ്റബോധം കൊണ്ട് ആ പൈപ്പിന്‍ ചുവട്ടില്‍ നില്‍ക്കുന്ന അയ്യപ്പനും ചിന്നം വിളിച്ചു കൊണ്ട് മരണവേദനയോടെ ഓടിയ മേനകയും മനസ്സില്‍ മായാതെ നില്‍ക്കുന്നു .
അടുത്തിടയ്ക്ക് ആ കഥ ഒന്നുടെ പറഞ്ഞു തരാന്‍ അമ്മയോട് പറഞ്ഞു . ആനയുടെ ഓരോ ചലനവും അതുപോലെ അഭിനയിച്ചു അമ്മ പറഞ്ഞു തന്നു . ആദ്യമായി കേട്ടപ്പോഴുണ്ടായ അതെ  കൌതുകം എനിക്കും . എന്നത്തയും പോലെ അന്നും ആ കഥ കേട്ട് എന്റെ കണ്ണ് നിറഞ്ഞു . അമ്മ കഥ പറയുന്ന രീതിയോ അതോ അയ്യപ്പന്‍ എന്നാ ആനയുടെ നിഷ്കളങ്കതയോ അതിനു കാരണം ഇന്നും എനിക്കറിയില്ല .

25 ഏപ്രിൽ 2011

ബാഗ് പിടിച്ചുപറിക്കാരന്‍




കൊല്ലത്ത് ട്രെയിന്‍ പന്ത്രണ്ടരക്ക് എത്തും , പിന്നെ അതില്‍ ഇരുന്നു ചോറ് കഴിച്ചു ഒരു മണിക്കുള്ള ക്ലാസ്സിനു പോകും കുറെ നാളായുള്ള എന്റെ ദിനചര്യ ആണത് . മിക്കവാറും കൂട്ടുകാര് കാണും , ചോറ് കഴിച്ചു കഴിഞ്ഞു പൊതി റെയില്‍വേ പാളത്തില്‍ ഇടരുത് എന്ന് പണിക്കാരും പോലീസുകാരും പലപ്പോഴും ഞങ്ങള്‍ക്ക് വാണിംഗ് തരാറുണ്ട് . നല്ല സത്സോഭാവികളായ കൂട്ടുകാര്‍ കാരണം എനിക്ക് പല തവണ പണിക്കാരുടെ കൈയില്‍ നിന്നും ലാസ്റ്റ് വാണിംഗ് കിട്ടാറുണ്ട് .

ഇനി ആ സംഭവ ദിവസത്തിലേക്ക് കടക്കാം , അന്ന് ഞാന്‍ മാത്രമേ ഉള്ളു ..... ഏകാന്തതയില്‍ പുതിയ മാനങ്ങള്‍ തേടി സാഹിത്യ ലോകത്ത് ഇങ്ങനെ വിരാജിച്ചു   നടക്കുകയായിരുന്നു . ( എന്റെ ഒരു വിശ്വാസം കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ - ഒറ്റയാവുമ്പോള്‍ എനിക്കെന്തോ ഭയങ്കര ആത്മവിശ്വാസമാണ് , ആ സമയത്ത് എന്നെ ആരാലും തോല്‍പ്പിക്കാന്‍ പറ്റില്ല എന്നൊരു വിശ്വാസം .... ഒരു കിറുക്കന്റെ കിറുക്ക് എന്ന് കരുതി ക്ഷമിക്കുക )

അന്നും പതിവ് പോലെ പന്ത്രണ്ടരക്ക് കൊല്ലത്ത് ട്രെയിന്‍ എത്തി , ട്രെയിനില്‍ ഇരുന്നു ഞാന്‍ ചോറ് കഴിച്ചു . പൊതി കളയാന്‍ വെളിയിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഒരു തല തെറിച്ച ആലോചന " ഇന്ന് റെയില്‍വേ പാളത്തില്‍ ഇട്ടാലോ " . ഒരു തല തെറിച്ച ആലോചന വന്നാല്‍ പിന്നെ എന്നെ പിടിച്ചാല്‍ കിട്ടില്ല . ഞാന്‍ അലക്ഷ്യമായി റെയില്‍വേ പാളത്തിലേക്ക് വലിച്ചെറിഞ്ഞു . ആഹാ ! എന്തൊരു ഉന്മേഷം  , നിയമം ലംഘിച്ചപ്പോള്‍ എന്തൊരു മനസുഖം , വല്ലാത്തൊരു നിര്‍വൃതി . കൈ കഴുകി ട്രെയിനിനു വെളിയിലേക്കിറങ്ങി ...  .
രണ്ടു ചുവടു വച്ചില്ല ദെ നിക്കുന്നു ഒരു പോലീസുകാരനും ഒരു ചേട്ടനും കുറച്ചപ്പുറത്ത് .


പോലീസുകാരന്‍ : " ഇവനാന്നോ ? ഇവനാന്നോ ?"
ചേട്ടന്‍ : " ഇവനാന്നോ എന്നൊരു സംശയം ."

ഇശ്വര ഞാന്‍ പൊതി റെയില്‍വേ പാളത്തില്‍ കളഞ്ഞത് കണ്ടുന്ന തോന്നുന്നേ . തീര്‍ന്നു , പെറ്റിയടിക്കുമോ അതോ തെറി വിളിക്കുമോ ? രണ്ടു തല്ലോ തെറിയോ വല്ലതും ആയിരുന്നെങ്കില്‍ പിന്നെയും സഹിക്കാം പെറ്റിയടിച്ചാല്‍ എവിടെന്നെടുത്ത് കൊടുക്കും .

"ഇങ്ങോട്ട് മാറി നിക്കട " അയാള്‍ ആക്രോശിച്ചു . ഞാന്‍ അടുത്തോട്ടു അല്പം വിറയലോടെ മാറി നിന്ന് .
"നീ എവിടുന്നു വരുന്നെട ? "
"ഞാന്‍ അപ്പുറത്തെ ബോഗി ......."
"എന്ത് ? "
"അല്ല പത്തനാപുരം ...ആവണിശരം അപ്പുറത്തെ ബോഗിയില്‍ കഴിക്കുകയായിരുന്നു "

" സത്യം പറയെടാ ഈ ബാഗ് നിന്റെ അല്ലെ " ഒരു സ്കൂബി ടെ ബാഗ് ചൂണ്ടി കാണിച്ചു അയാള്‍ കോപം കൊണ്ട് വിറച്ചു .

ങേ ബാഗോ , ഓ അപ്പൊ പൊതി കേസല്ല ബാഗാ . അപ്പൊ പിന്നെ പേടിക്കാനൊന്നുമില്ല .
" എനിക്കറിയാംപാടില്ല..." എന്റെ സ്വരത്തില്‍ അല്പം ധൈര്യിം ഉണ്ടായി എന്ന് തോന്നുന്നു .
" നിന്റെ കൂടെ വേറെ ആരേലും ഉണ്ടോ "
" ഇല്ല ഞങ്ങള്‍ ... ഞാന്‍ ഒറ്റക്ക "

"ആ ബോഗിയില്‍ വേറെ ആരേലും ?"
"ഇല്ല "

അപ്പൊ മറ്റേ ചേട്ടന്‍ ഇടയില്‍ കയറി പറഞ്ഞു " ദാണ്ടേ സാറേ ലോ ലവനാ " ഞാനും പോലീസുകാരനും അയാള്‍ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കി ലുസായ പാന്റും വലിച്ചു കയറ്റി ഒരു പൊടിപ്പയ്യന്‍ വരുന്നു .

എന്നോട് കയര്‍ത്തു പോലെ തന്നെ ആ പയ്യന്റെ മേലെയും ഈ വിദ്വാന്‍ കുതിര കയറി .
അവന്‍ കരയാറായി " സാറേ അപ്പുറത്ത് മുള്ളാന്‍ പോയതാ " .
"ഈ ട്രെയിനില്‍ ഉള്ളതൊന്നും മൂത്രപുര അല്ലേട നിനക്കാ കാട്ടില്‍  തന്നെ പോണോ ? " പോലീസുകാരന്റെ തുള്ളല് കണ്ടപ്പോ കരുതി ആ കപ്പട മീശ ഇളകി വീഴുമെന്നു .
"അത്   സ്റെഷനില്‍ നിര്‍ത്തിയിടുമ്പോള്‍ മുള്ളരുത്  എന്നല്ലേ പറഞ്ഞെക്കുന്നു " അവന്‍ വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു .
"ഇതിനകത്ത് പുസ്ടകം ഇല്ലേ ? "
അവന്‍ തലയാട്ടി .
"ദെ ഇവന്‍ എടുത്തോണ്ട് പോവാന്‍ തുടങ്ങുകയായിരുന്നു ( അയാള്‍ എന്നെ ചൂണ്ടി പറഞ്ഞു ) ഞാന്‍ പിടിച്ചു നിര്‍ത്തിയേക്കുവാ ".

( ദെ മനുഷ്യ അനാവശ്യം പറയരുത് അപ്പി പാപം കിട്ടും ) ഞാന്‍ അയാളെ നോക്കി . അയാള്‍ ഒന്ന് കണ്ണിറുക്കി .
ഞാന്‍ അതെ എന്ന മട്ടില്‍ നെഞ്ച് വിരിച്ചു നിന്ന് ..

അയാള്‍ അവനോടു തുടര്‍ന്ന് " ഇവന്‍ ഇതൊക്കെ എടുത്ത്തിരുന്നെകിലോ , പ്രായം ഇത്രേ ഒള്ളല്ലോ  നിനക്ക് അല്പം വീണ്ടുവിചാരം വേണ്ടട ? " ആ ചോദ്യം റെയില്‍വേ സ്റേഷന്‍ ഒന്ന് നടുക്കി .
ഒരു നിമിഷത്തെ കനത്ത നിശബ്ദതക്ക് ശേഷം  ,ആ പിഞ്ചു ഹൃദയം  പൊട്ടിക്കരഞ്ഞു .....എങ്ങി എങ്ങി അവന്‍ നിലവിളിച്ചു . പോലീസുകാരന്റെ കരണത്ത് ഒന്ന് പൊട്ടിച്ചാലോ എന്ന് വിചാരിച്ച നിമിഷങ്ങള്‍ , ഇതാണോ ജനകിയ  പോലിസ് ഒരു പൊടിപ്പയ്യനോട് ഇടപഴകാന്‍ അറിയാത്ത ഇവന്മാരൊക്കെ എങ്ങനെ ബാക്കിയുള്ളവരോട്‌  സ്നേഹത്തോടെ ഇടപ്ഴകാനാണ് . ഒടുവില്‍ അവനു മുട്ടായിയും വെള്ളവും മേടിച്ചു കൊടുത്തു സമധാനിപ്പിച്ചിട്ടും എന്നോട് ദേഷ്യം - അവന്റെ ബാഗ് കൊണ്ട് പോകാന്‍ വന്ന കള്ളനല്ലേ ....ഭഗവാനെ ഇതിലും നല്ലത് ചോറ് പൊതി റെയില്‍വേ പാളത്തില്‍ ഇട്ടതിനുള്ള പെറ്റിയായിരുന്നു.

02 ഏപ്രിൽ 2011

ജയ് ഹനുമാനും ശക്തിമാനും പിന്നെ സച്ചിനും

ഈ തലക്കെട്ട്‌ തന്നെ ധാരാളം നിങ്ങളെ ആ കാലത്തേക്ക് കൊണ്ട് പോകാന്‍ . എന്റെ സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുന്‍പേ , ഞങ്ങള്‍ പത്തിരുപതോളം പിള്ളാരുണ്ടായിരുന്നു . അതില്‍ ഏറ്റവും ചെറിയ കുട്ടികള്‍ ഞങ്ങള്‍ രണ്ടു പേര്‍ .
 സച്ചിന്റെ കളിയും കണ്ടു , ഓലമടല് വെട്ടിയുണ്ടാക്കിയ ബാറ്റിനു മുകളില്‍ M.R.F എന്നും എഴുതി രാവിലെയിറങ്ങും . ഉച്ചയ്ക്ക് ചോറാകുമ്പോള്‍  അമ്മ വിളി തുടങ്ങും , അത്  മിക്കവാറും എനിക്ക് ബാറ്റിങ്ങിന് അവസരമാകുമ്പോഴാകും . മിക്കപ്പോഴും രണ്ടു രണ്ടാരയാകും ചോറുണ്ണാന്‍ , ചെറിയ കുട്ടി ആയതു കൊണ്ട് ഇപ്പോഴും അവസാന ബാറ്റ്സ്മാന്‍ ഞാനാകും . ഞാന്‍ ബാറ്റു ചെയ്യുമ്പോള്‍ ചേട്ടന്മാര്‍ പതുക്കെയാണ് ബൌള്‍ ചെയ്യുന്നത് , അത് മാത്രമോ എനിക്ക് ഒരു റണ്ണറും ഉണ്ടാകും .

വമ്പനടികള്‍ പലപ്പോഴും താഴെ വീട്ടിലെ ഓടോ , അങ്ങേ വീട്ടിലെ ജനലോ പൊട്ടിച്ചിരിക്കും , പിന്നെയൊരു നെട്ടോട്ടമായിരിക്കും  . അല്പ സമയത്തേക്ക് അവിടെ ഒരാളനക്കവും കാണില്ല . വീണ്ടും ശക്തമായി തിരിച്ചു വരും . റബറിന്റെ ചില്ലുകള്‍ പലപ്പോഴും തല്ലിത്തകര്‍ക്കും , അമ്മുമ്മ പള്ള് പറഞ്ഞു കൊണ്ട് ഓടി വരും .
വൈകിട്ട് അഞ്ചു അഞ്ചരയോടെ തിരികെ വീട്ടിലെത്തുമ്പോള്‍ വിയര്‍ത്തു കുളിച്ചിരിക്കും , ദേഹത്ത് എവിടയെങ്കിലും മുറിവോ ചതവോ ഉറപ്പു . ഒരു കാലത്ത്  കൂട്ടത്തില്‍  എന്റെ കൈയില്‍ ആയിരുന്നു ഏറ്റവും നല്ല ബാറ്റുണ്ടായിരുന്നത് . ഒരു വട്ട മരം വെട്ടിയപ്പോള്‍ അച്ഛന്‍ അത് കൊണ്ട് ഉണ്ടാക്കി തന്നത് . എമണ്ടന്‍ ഒരെണ്ണം , അത് കൊണ്ട് ഒന്ന് തൊട്ടാല്‍ മതി ബോള്‍ ബൌണ്ടറി കടക്കും .
കൊയ്ത്തു കഴിഞ്ഞ സമയം ആണെങ്കില്‍ വയലായിരിക്കും ഞങ്ങളുടെ പ്ലേ ഗ്രൌണ്ട് .ഞങ്ങളെ പേടിച്ചു ചില വീട്ടുകാര്‍ വയലില്‍ പശുവിനെ കൊണ്ട് കെട്ടുമായിരുന്നു . ബോളെടുക്കാന്‍ ചെന്ന് പുളവനും തവളയും യഥേഷ്ടം വിഹരിക്കുന്ന തോട്ടില്‍ മുങ്ങിയത് മറ്റൊരോര്‍മ്മ .

            അക്കാലത്ത് ആരാധനയോടെ കണ്ടിരുന്ന ഒരുപാട് അമാനുഷ്യകരുണ്ട്‌  . ശനിയാഴ്ച വൈകുന്നേരങ്ങളില്‍ എത്തുന്ന ജയ് ഹനുമാനും , ഞായറാഴ്ച ഉച്ചകളില്‍ എത്തുന്ന ശക്തിമാനും അവയില്‍ പ്രമുഖര്‍ . ശനിയാഴ്ച രാത്രിയില്‍ ജയ് ഹനുമാന്‍ കാണാന്‍ ഞാനും ചേച്ചിയും അങ്ങേ വീട്ടിലേക്കു ഒരോട്ടമാണ്  , അമ്മുമ്മയാണ് മിക്കവാറും ഞങ്ങളെ തിരികെ കൊണ്ട് വിടുക . ജയ് ഹനുമാന്‍ കാണാന്‍ കൂപ്പുകൈയോടെ അമ്മുമ്മ  ഇരിക്കുന്നത് ഒരിക്കലും മായാത്ത ഓര്‍മ്മ . ഇപ്പോഴും ബ്രിട്ടാനിയയുടെ പരസ്യം കാണുമ്പോള്‍ ജയ് ഹനുമാന്‍ ഓര്‍മ്മ വരും .
ശക്തിമാന്‍ കണ്ടു മുകളിലേക്ക് കൈയുയര്‍ത്തി പിടിച്ചു ഒരു കറക്കമാണ് ..... പിന്നെ ശക്തിമാന്‍ ആയിക്കഴിഞ്ഞു .
മായാവിയും , കപീഷും , കാലിയയും,ഡിങ്കനും , നമ്പോലനുമോക്കെയാണ് മറ്റുള്ള അമാനുഷ്യകര്‍ .

കൂടെ കളിക്കാനുണ്ടായിരുന്ന ചേട്ടന്മാര്‍ പലരും ഉപരിപറനത്തിനു പലയിടത്തായി ചേക്കേറിയപ്പോഴാണ്  ഞാന്‍ ടി.വിക്കും കമ്പ്യുട്ടറിനും മുന്നിലേക്ക്‌ ഞാന്‍ ചുരങ്ങിയത്.

ഒരു വേനല്‍ക്കാലം കൂടി വന്നെത്തിയിരിക്കുന്നു , സ്വന്തം വീടിന്റെ മുറ്റത്തുകൂടി ഇറങ്ങി കളിക്കുന്ന പിള്ളാരെ ഇന്ന് ഇവിടെ കാണാനില്ല . ഇനിയൊരിക്കല്‍ കൂടി കാണാന്‍ കഴിയുമോ  അത് പോലുള്ള ഒരു വേനല്‍ക്കാലം അറിയില്ല .


 സച്ചിനില്‍ തുടങ്ങിയതാണ്‌ ഓര്‍മ്മകള്‍ ഒരൊഴുക്കു പോലെ എന്തൊക്കയോ കടന്നു വന്നു ..... കാട് കയറിയെങ്കില്‍ ക്ഷമിക്കുക