26 ഫെബ്രുവരി 2011

ഒരു വിശ്വസാഹിത്യകാരന്റെ ജനനവും മരണവും

ശാസ്ത്രമേളയുടെ തിരക്കിനിടയിലാണ്  അദ്ധ്യാപകന്‍ ആ കാര്യം പറഞ്ഞത് " കഥ രചന മത്സരത്തിനു പേര് ഉടന്‍ കൊടുക്കുക യുവജനോത്സവം അടുത്താഴ്ചയാണ് "
ഒന്ന് പയറ്റി നോക്കിയാലോ , മറ്റു മത്സരങ്ങളെ പോലെ അല്ല കഥാരചന . എന്ത് ചെയ്താലും അവ വിധികര്‍ത്താക്കള്‍ മാത്രമേ കാണു. അത് മാത്രമല്ല മങ്ങിയ പ്രതിച്ഛായ ഒന്ന് മിനുക്കിയെടുക്കയുമാവാം .അവന്‍ എഴുന്നെറ്റപ്പോള്‍ ക്ലാസ് നിശബ്ദം , എല്ലാവരുടെയും കണ്ണുകളില്‍ അത്ഭുതം . പേര് കൊടുത്തു തിരിച്ചു വന്നിരുന്നപ്പോള്‍ വല്ലാത്തൊരു അനുഭുതി . ചുറ്റുമുള്ളവരുടെ ഉയരം കുറയുകയാണോ ? അതോ ഏതാണ്ടെ ഉയരം കൂടുകയോ ? ഇതാ ഒരു വിശ്വസാഹിത്യകാരന്‍ ജനിക്കുകയായി , ആശയത്രിവിക്രമന്‍ , കാല്പനികത നിറഞ്ഞൊഴുകുന്ന ഭൂപ്രകൃതിയുടെ ഉടയോന്‍ . മനസ്സില്‍ തന്നെക്കുറിച്ചുള്ള വിശേഷണങ്ങള്‍ ഒരു കൊട്ടാരം കെട്ടാന്‍ അവന്‍ വാക്കുകള്‍ പരതി.ആതിരയുടെയും , ലക്ഷ്മിയുടെയും വന്ദനയുടെയും കണ്ണുകളില്‍ ബഹുമാനമോ ? അതിനുമപ്പുറമോ ?
ഛെ ! കഥാപാത്രത്തിന്റെ പേര് പറഞ്ഞില്ലലോ , മ് മ് ........ ബാലു . നമുക്കിവന്‍ ബാലു എന്ന് വിളിക്കാം .ബാലു തലയുയര്‍ത്തി പിടിച്ചു അല്പം പുച്ഛത്തോടെ ച്ചുട്ടുമിരുന്നവരെ നോക്കി . വീട്ടിലെത്തുന്നിടം വരെ അങ്ങനെ തന്നെ ശ്വാസം പിടിച്ചിരുന്നു .
" അമ്മെ ഞാന്‍ കഥരച്ചനയ്ക്ക് പേര് നല്‍കി "
" നീ എന്തേലും ചെയ് , നിക്കറും യുണിഫോമും അഴിച്ചു വാലെകോലെ ഇടാതെ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്ക് "
ശ്ശെടാ , ഈ നാട്ടിലെ ജനങ്ങള്‍ മൊത്തം ഇങ്ങനെ ആണെല്ലോ . ഒരു എഴുത്തുകാരന് എന്തെങ്കിലും മതിപ്പുണ്ടോ എന്ന് നോക്കണേ . ഒരിക്കല്‍ ഈ നാട് എന്നെ തിരിച്ചറിയും .പിന്നെയും എന്തൊക്കെയോ പിരുപിരുത്ത് കൊണ്ട് മുറിയിലേക്ക് നടന്നു .
...............................................................................
യുവജനോത്സവം അടുക്കുന്തോറും മനസിന്‌ വല്ലാത്ത വിമ്മിഷ്ടം , ഒരു പിരിമുറുക്കം . ഒരുമാതിരി പരീക്ഷയെ അഭിമുഖികരിക്കുന്ന പോലെ . കൈയില്‍ കിട്ടിയ പുസ്തകങ്ങള്‍ എല്ലാം ഒന്നൊഴിയാതെ എല്ലാം വായിച്ചു . ചില കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും വരികളും പത്ത് പതിനഞ്ചു തവണ എഴുതി മനപ്പാഠം ആക്കി  . എന്നിട്ടും ഓര്‍മ്മയില്‍ നില്‍ക്കാത്തവ ഒരു തുണ്ട് കടലാസ്സിലേക്ക് പകര്‍ത്തിയാലോ  എന്ന്   വരെ ചിന്തിച്ചു . ഒടുവില്‍ ആ സുദിനം സമാഗതമായി , ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വിശ്വസാഹിത്യകാരന്‍ , ആശയത്രി ....ആശയത്രി ... ഛെ മറന്നു .. ആ പോട്ടെ ആ മഹാ പ്രസ്ഥാനം ജന്മം കൊള്ളുകയായി . ബാലു മത്സരം നടക്കുന്ന ക്ലാസ് മുറിയില്‍ ചെന്നിരുന്നു, തൊട്ടപ്പുറത്തെ ബഞ്ചില്‍ വിഷ്ണു ഇരിക്കുന്നു . ഇവന് വല്ല വാര്‍ക്കപണിക്കും പോക്കുടെ എന്നോട് മത്സരിക്കാന്‍ വന്നിരിക്കുന്നു ഹും .
അധ്യാപാന്‍ വന്നു വിഷയം പറഞ്ഞു " മരുഭുമിയിലെ യാത്രക്കാര്‍ " വിഷയം പറഞ്ഞതും ബാലു പേനയുമായി മുന്നോട്ടഞ്ഞു പേപ്പറില്‍ 'ഒ' എന്നെഴുതി പിന്നെ നിവര്‍ന്നിരുന്നു ആലോചിച്ചു " മരുഭുമി , യാത്രക്കാര്‍.... വായിച്ച കഥകളില്‍ ഒന്നും മരുഭുമി പസ്ച്ചത്തലമാവിന്നല്ലലോ . എന്തിനാണ് ഞാന്‍ 'ഒ ' എന്നെഴുതിയത് . ഈശ്വര ഞാനെന്തു ചെയും എന്തെഴുതും " ബാലു നഖം കടിച്ചു കൊണ്ട് ചുറ്റും നോക്കി , എല്ലാവരും എഴുതി തുടങ്ങി . വിഷ്ണുവിന്റെ പേപ്പറില്‍ ആശയ പ്രളയം ആണെന്ന് തോന്നുന്നു . ഒന്നെത്തി നോക്കിയാലോ , അതാ സാറ് നോക്കുന്നു . ബാലു ബദ്ധപെട്ടു ഒന്ന് ചിരിച്ചു . മനപ്പാഠം ആക്കിയ  വാക്കുകളും വരികളും ഒന്നും ഓര്‍മ്മവരുന്നില്ല . ഒന്നുമെഴുതാതെ പേപ്പര്‍ തിരിച്ചു കൊടുത്താല്‍ സാറ് തെറി വിളിക്കും , നാണം കെടും .
വളരെ നേരം ഒഴിഞ്ഞ പേപ്പറുമായി ബാലു ഇരുന്നു ഇനിയെന്താണ് വഴി . ഒടുവിലൊരു വഴി തുറന്നു കിട്ടി . തലേന്ന് കണ്ട ഏതോ സിനിമയുടെ കഥ ഒരു തുടര്ച്ചയുമില്ലാതെ എഴുതിപ്പിടിപ്പിച്ചു  പേപ്പര്‍ തിരിച്ചു കൊടുത്തപ്പോള്‍ കൈ വിറച്ചു . സാര്‍ സംശയത്തോടെ അവനെ നോക്കി . അത് കണ്ടിട്ടും കാണാത്തെ പോലെ അവന്‍ നടന്നു . വെളിയിളിരങ്ങിയപ്പോഴേക്കും അവന്‍ വിയര്‍ത്തു കുളിച്ചിരുന്നു . ആ വിയര്‍പ്പില്‍ ഒരു വിശ്വസാഹിത്യകാരന്റെ മുഖംമൂടി ഒലിച്ചു പോകുന്നത് പക്ഷെ ആരും ശ്രദ്ധിച്ചില്ലാ.
(ലേബല്‍ : ബാലുവും ഞാനുമായി എന്തേലും സമാനതകളുണ്ടെങ്കില്‍ അത് യാദ്രിചികം മാത്രം )