30 ഡിസംബർ 2010

പുതിയ ആഴങ്ങള്‍ തേടിപ്പോയ മുക്കുവന്‍

"ഉപ്പ , എനിക്കൊരു കഥ പറഞ്ഞു താ .." മൊയ്ദീന്‍ വാശി പിടിച്ചു കരഞ്ഞു . ഉപ്പയ്ക്ക് ഒരുപാട് കഥകളറിയാമെന്നു അവന്റെ ഉമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട് . രാജകുമാരന്റെയും ഭൂതത്തിന്റെയും കഥ , മരംവെട്ടുകാരന്റെയും വനദേവതയുടെയും  കഥ  അങ്ങനെ ഒത്തിരിയൊത്തിരി . അത് കേട്ടപ്പോ മുതല്‍ തുടങ്ങിയതാണി ബഹളം .അഹമ്മദുട്ടി മൊയ്ദീനെ ചേര്‍ത്ത് പിടിച്ചു ഒരു മുത്തം കൊടുത്തു .

"നുമ്മുടെ കടാപ്പുറത്ത്‌ ഒരുപാട് സ്വപ്നങ്ങളുടെ രണ്ടു കൂട്ടുകാരുണ്ടായിരുന്നു , രണ്ടു മുക്കുവന്മാര്‍ .എന്നും പുതിയ ആഴങ്ങള്‍ തേടുന്ന രണ്ടു ഉറ്റചങ്ങായിമാര്‍  . ഒരിക്കല്‍ കടാപ്പുറത്തുന്നും ഒത്തിരി ദൂരെ , ഉള്‍കടലില്‍ നിധി തേടിയവര്‍ പോയി . മണ്ണിനും മനസിനും അതിര്‍ത്തി നിര്‍ണ്ണയിച്ച മനുഷ്യര്‍ കടലിനും അതിര്‍വരമ്പ് നിര്‍ണ്ണയിച്ചു . പുതിയ ആഴങ്ങളുടെ ഹരങ്ങളിലേക്ക് പോയപ്പോള്‍ അതിര്‍ത്തിയുടെ കാര്യം ആലോചിച്ചില്ല .

കഥയുടെ ഒഴുക്ക് അറിയാതെ എവിടേയോ നിന്ന് പോയി . ശ്രീലങ്കന്‍ നാവികസേനയുടെ കൈയില്‍ നിന്നും കാരഗ്രഹത്തിലേക്ക് കൊണ്ട് പോകുമ്പോള്‍ മനസും ശരിരവും മരവിച്ചു പോയിരുന്നു .ഭാഷയറിയാത്ത നാട്ടില്‍ , നാല് ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍ പത്ത് വര്‍ഷം .

ഇടയ്ക്കെങ്ങോ ജയില്‍ ചാടാന്‍ ശ്രമിക്കവേ പിടിക്കപ്പെട്ടു , കൊടിയ മര്‍ദ്ദനം . ആദ്യ നാല് വര്‍ഷം പരസ്പരം മുഖത്തോടു മുഖം നോക്കിയിരുന്നു . ഏതോ അജ്ഞാത രോഗം പിടിപെട്ടു ചങ്ങായി പത്ത് ദിവസം കിടന്നു പുളഞ്ഞു , മരിച്ചിട്ടും രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ജൈയിലധിക്രിതര്‍ ശവം എടുത്തോണ്ട് പോയത് . പിന്നെയും ആറു വര്‍ഷം ഏകാന്തതയുടെ പുതിയ തലങ്ങള്‍ കണ്ടു പിടിച്ചു .കുറെ കരയുകയും കുറെ ചിരിക്കുകയും ചെയ്തു , ഒറ്റയ്ക്കല്ല എന്ന് ബോധിപ്പെടുത്താന്‍ സ്വയം ആശ്വസിപ്പിച്ചു . ഒടുവില്‍ കൈവിലങ്ങുകളോടെ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി . സ്വന്തം നാട്ടില്‍ ഒരപരാധിയെ പോലെ നിന്നു. കെട്ടിയോളേം പിള്ളേരേം കാണാന്‍ ഓടി വന്നപ്പോ , പിള്ളേര്‍ക്ക് ഓര്‍മ്മ പോലുംമില്ല ഈ ഉപ്പയെ . കൈകുഞ്ഞയിരിക്കുമ്പോ  പോയതാ.അഹമ്മദുട്ടിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

" മ് മ് , ബേറെ കഥ പറ . ഇക്കഥ കൊള്ളൂല്ല " മൊയ്ദീന്‍ ചിണുങ്ങി .
പത്ത് വര്‍ഷത്തെ കാരഗ്രഹവാസം കൊണ്ട് അയാളുടെ മോഹങ്ങളും സ്വപ്നങ്ങളും സ്വരു കൂട്ടി വച്ചിരുന്ന കഥകളും എല്ലാം എവിടോ നഷ്ടപെട്ടിരുന്നു . പറയാന്‍ ഒരു കഥ മാത്രമേ മനസ്സില്‍ ഒള്ളു . " പുതിയ ആഴങ്ങള്‍ തേടാന്‍ കൊതിച്ചു , ഏകാന്തതയുടെ വിഴുപ്പുകള്‍ ചുമക്കുന്ന ചുമട്ടുകാരനായ മുക്കുവന്റെ കഥ ". സംഭവബഹുലമായ ഭൂതകാലത്തിന്റെയും ശൂന്യമായ ഭാവിയുടെയും തിരമാലകള്‍ അയാളുടെ മനസ്സില്‍ ആഞ്ഞടിച്ചു . അപ്പോഴും മൊയദീന്‍ ഇതൊന്നും മനസിലാവാതെ രാജകുമാരന്റെയും ഭൂതത്തിന്റെയും കഥയ്ക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ